20 people murdered at pakistan shrine

ഇസ്‌ലാമാബാദ് :പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനോവിഭ്രാന്തിയുള്ള ദര്‍ഗ സൂക്ഷിപ്പുകാരന്റെ ആക്രമണത്തില്‍ 20 വിശ്വാസികള്‍ മരിച്ചു.
ശനിയാഴ്ച അര്‍ധരാത്രിയോടടുത്താണ് സംഭവം നടന്നത്.

ഒരു കുടുംബത്തിലെ ആറ് അംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ലഹോറില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

സര്‍ഗോദ ജില്ലയില്‍ മുഹമ്മദ് അലി ഗുജ്ജാറിന്റെ പേരിലുള്ള ദര്‍ഗയാണ് കുരുതിക്കളമായതെന്ന് സര്‍ഗോദ ഡപ്യൂട്ടി കമ്മിഷണര്‍ ലിയാഖത്ത് അലി ചാറ്റ പറഞ്ഞു. ദര്‍ഗ സൂക്ഷിപ്പുകാരനായ അബ്ദുല്‍ വഹീദാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാള്‍ക്ക് മനോവിഭ്രാന്തി ഉണ്ടായിരുന്നതായി പറയുന്നു. കഠാരയും വടിയുമുപയോഗിച്ചായിരുന്നു ആക്രമണം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദര്‍ഗയുടെ മറ്റൊരു സൂക്ഷിപ്പുകാരനായ യൂസഫിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കു കൃത്യത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ആശുപത്രിയിലേക്കു മാറ്റി.ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ ആളുകള്‍ തന്നെ വധിക്കാനാണ് വന്നതെന്ന് തോന്നിയെന്നും അതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും വഹീദ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സന്ദര്‍ശകരെ മയക്കിയശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളുമുണ്ട്. പരുക്കേറ്റ മറ്റു മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ദര്‍ഗ സൂക്ഷിപ്പുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ തര്‍ക്കത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

സംഭവത്തിലെ മുഖ്യപ്രതി പാക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ജീവനക്കാരനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Top