20 രോഗികളെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന്‌ സംശയം; നഴ്‌സ് അറസ്റ്റില്‍

ജപ്പാന്‍:20 രോഗികളെ വിഷം നല്‍കി കൊന്നെന്ന സംശയത്തില്‍ നഴ്‌സ് അറസ്റ്റില്‍. തന്റെ ഷിഫ്റ്റ് വരുന്ന സമയത്ത് രോഗി മരിക്കുന്നത് ഒഴിവാക്കാനാണ് നഴ്‌സ് അയുമി കുബോക്കി രോഗികളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. പ്രായമായ രോഗികളിലാണ് ഐവി ഡ്രിപ്പില്‍ ആന്റിസെപ്റ്റിക് സൊല്യുഷന്‍ ചേര്‍ത്ത് കുത്തിവെച്ച് കൊലപ്പെടുത്തിയത്. ജപ്പാനിലെ ടോക്യോയ്ക്ക് സമീപമുള്ള ഒഗുച്ചി ആശുപത്രിയിലാണ് സംഭവം നടന്നത്.

രോഗികള്‍ തന്റെ ഷിഫ്റ്റില്‍ മരിക്കുന്നത് പകരം മറ്റൊരു നഴ്‌സിന്റെ ജോലി സമയത്ത് മരിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് കുബോകി പൊലീസിന് നല്കിയിരിക്കുന്ന മൊഴി. ഇതുമൂലം രോഗികളുടെ ബന്ധുക്കളോട് മരണവാര്‍ത്ത വ്യക്തമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഇവര്‍ കണക്കുകൂട്ടി.

japan-nurse

രോഗികള്‍ മരിക്കുമ്പോള്‍ ഈ വാര്‍ത്ത ബന്ധുക്കളെ അറിയിക്കുന്നത് ഒഗുച്ചി ആശുപത്രിയിലെ നഴ്‌സുമാരുടെ ഡ്യൂട്ടിയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കുബോക്കിക്ക് താല്പര്യമില്ലായിരുന്നു. 2016 സെപ്റ്റംബറില്‍ മരിച്ച 88 വയസ്സുള്ള രോഗിയുടെ ഐവി ഡ്രിപ്പ് ബാഗില്‍ കുമിള കണ്ടതോടെയാണ് മറ്റൊരു നഴ്‌സ് സംശയം പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

മരിച്ച രോഗിയുടെ രക്തത്തില്‍ ആന്‍ീസെപ്റ്റിക് സൊലൂഷന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സംഗതി കൊലപാതകമാണെന്ന് ഉറപ്പിച്ചത്. മറ്റൊരു രോഗിയുടെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഈ പദാര്‍ത്ഥം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുബോക്കിയുടെ യൂണിഫോമില്‍ ആന്റിസെപ്റ്റിക്കിന്റെ അംശവും സ്ഥിരീകരിച്ചു. ഇതോടെ അറസ്റ്റിലായ നഴ്‌സാണ് 20 രോഗികളെ സമാനമായ തരത്തില്‍ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്.

Top