സകല കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിക്കാരാകുമോ?കമല്‍നാഥിന് ഞെട്ടല്‍

ധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. എന്നാല്‍ ഇതുവരെ കണ്ടതല്ല, ഇതില്‍ അപ്പുറം അവിടെ സംഭവിക്കുമെന്നാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. 20 പാര്‍ട്ടി എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരാന്‍ സന്നദ്ധരായി നില്‍ക്കുന്നതായാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിച്ച് വരികയാണെന്നും കമല്‍നാഥ് സര്‍ക്കാരിന്റെ അടിത്തറ ഇളക്കി രാജിവെച്ച എംഎല്‍എമാര്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവില്‍ എത്തിയ ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരെ നേരിട്ട് കാണുകയായിരുന്നു ഈ 22 എംഎല്‍എമാര്‍. രാജിക്കത്ത് അയച്ച തങ്ങള്‍ ഏത് പ്രത്യാഘാതം നേരിടാനും തയ്യാറാണെന്നും ഇവര്‍ പറയുന്നു. ‘ജ്യോതിരാദിത്യ സിന്ധ്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തോടൊപ്പം വര്‍ഷങ്ങളായി രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം മൂലമാണ് ഞങ്ങളില്‍ പലരും രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ബിജെപിയില്‍ ചേരുന്ന കാര്യം ചിന്തിച്ച് വരികയാണ്. കേന്ദ്ര പോലീസ് സുരക്ഷ നല്‍കിയാല്‍ ഞങ്ങള്‍ മധ്യപ്രദേശിലേക്ക് പോകും’, ഒരു വനിതാ എംഎല്‍എ പറഞ്ഞു.

മറ്റ് 20 പാര്‍ട്ടി എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇവരെ കോണ്‍ഗ്രസ് പിടിച്ചുവെച്ചിരിക്കുകയാണ്. തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഈ നേതാക്കള്‍. കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് പ്രമുഖ യുവനേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ രാജിവെച്ചത്. ഇദ്ദേഹവുമായി അടുപ്പമുള്ള 22 എംഎല്‍എമാരും മധ്യപ്രദേശില്‍ രാജിസമര്‍പ്പിച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ അങ്കലാപ്പിലായി.

മാര്‍ച്ച് 11ന് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. സിന്ധ്യയെ മുഖ്യമന്ത്രിയാക്കാതെ വന്നതില്‍ നിശബ്ദത പാലിച്ച് ഇരിക്കുകയായിരുന്നു തങ്ങളെന്ന് വിമത എംഎല്‍എമാര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയായ കമല്‍നാഥ് സ്വന്തം മണ്ഡലമായ ചിന്ദ്വാരയ്ക്ക് മാത്രം പദ്ധതികളും ഫണ്ടും അനുവദിച്ച് വരികയാണെന്നും വിമത എംഎല്‍എ പറഞ്ഞു.

Top