ഇരുപതു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍: സംസ്ഥാനത്ത് ഇരുപതു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കപ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫെബ്രുവരി 21,22 തീയതികളിലാണ് നിക്ഷേപക ഉച്ചകോടി നടക്കുന്നത്.

ഫെബ്രുവരിയില്‍ ലക്‌നൌവില്‍ വച്ച് നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുമെന്നും യോഗി പറഞ്ഞു.

പത്തു മാസത്തെ ബിജെപി ഭരണത്തിനിടെ യുപിയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. വ്യവസായികള്‍ കൂടുതല്‍ വ്യാപാരങ്ങളും സ്ഥാപനങ്ങളും യുപിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും ഗോരഖ്പൂര്‍ ക്ലബിലെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

40,629 ലക്ഷത്തിന്റെ 20 പദ്ധതികളുടെ ശിലാസ്ഥാപനവും 6,033 ലക്ഷത്തിന്റെ 33 പദ്ധതികളുടെ ഉദ്ഘാടനവും ഇവിടെ മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊലീസിലെ 1.62 ലക്ഷം ഒഴിവ്, അസിസ്റ്റന്റ് ടീച്ചര്‍മാരുടെ 1.37 ലക്ഷം ഒഴിവ്, പ്രൈമറി അധ്യാപകരുടെ 20,000 ഒഴിവ് എന്നിവ ഉടന്‍ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമനത്തില്‍ സുതാര്യതയും തുല്യതയും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top