തൃശ്ശൂരിലെ 56 കോടിയുടെ അമൃത് പദ്ധതിയില്‍ 20 കോടിയുടെ ക്രമക്കേട്; വെളിപ്പെടുത്തലുമായ് മുന്‍ കോര്‍പറേഷന്‍ സെക്രട്ടറി

തിരുവനന്തപുരം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 56 കോടിയുടെ കുടിവെള്ള പദ്ധതിയില്‍ 20 കോടിയുടെ ക്രമക്കേടെന്ന് ആരോപണം. കോര്‍പ്പറേഷന്‍ സെക്രട്ടറിയായിരുന്ന ആര്‍ രാഹേഷ് കുമാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് ഇക്കാര്യം കാണിച്ച് കത്തയച്ചു.

അമൃത് പദ്ധതിയുടെ ഭാഗമായി 800 എംഎം പൈപ്പ് സ്ഥാപിച്ച് പീച്ചിയില്‍ നിന്ന് തേക്കന്‍കാട് മൈതാനം വരെ കുടിവെള്ളം എത്തിക്കുന്നതില്‍ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കത്തിന്റെ പറയുന്നത്. ക്രമരഹിതമായ ബില്ലുകള്‍ പാസാക്കാനാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ തന്നെ കൊല്ലുമെന്നും സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായും രാഹേഷ് കുമാര്‍ കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം 27 നാണ് രാഹേഷ് കുമാര്‍ കത്തയച്ചത്. ജീവഹാനി, സ്ഥാനചലനം തുടങ്ങിയ ഭീഷണികള്‍ നില്‍ക്കുന്നുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടു.

കത്തിലെ സൂചന പോലെ മൂന്നു ദിവസം മുന്‍പ് രാഹേഷ് കുമാറിനെ ഇവിടെ നിന്നും സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെയാണ് അഴിമതി ആരോപണമുള്ള കത്ത് പുറത്തുവന്നത്. ഇക്കൊല്ലം മാര്‍ച്ചിലാണ് പദ്ധിക്കായി ഇ-ടെണ്ടര്‍ ക്ഷണിച്ചത്. ഒരു കമ്പനിയൊഴികെ മറ്റൊന്നും യോഗ്യമല്ലെന്ന് കണ്ട് ചീഫ് എഞ്ചിനിയര്‍ തള്ളി. എന്നാല്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ രേഖാമൂലം എഴുതിയത് എല്ലാ കമ്പനികള്‍ക്കും യോഗ്യതയുണ്ടെന്നാണ്. പിന്നാലെ മേയറില്‍ നിന്ന് അനുമതി തേടി ഫിനാഷ്യല്‍ ബിഡ് ഉറപ്പിച്ചു.

ഇത് നിയമ ലംഘനമാണെന്നും ഫിനാന്‍ഷ്യല്‍ ബിഡ് പുറപ്പെടുവിക്കാന്‍ ചീഫ് എഞ്ചിനിയര്‍ക്ക് മാത്രമാണ് അധികാരമെന്നും സെക്രട്ടറിയുടെ കത്തിലുണ്ട്. അനുമതി നല്‍കിയ മേയര്‍ ഇക്കാര്യം കൗണ്‍സിലിനെ അറിയിച്ചുമില്ല. ലോവസ്റ്റ് മാര്‍ക്കറ്റ് ടെണ്ടര്‍ കണക്കാക്കാത്തതില്‍ അഞ്ചരക്കോടി നഷ്ടമുണ്ടായി. നടപടികള്‍ പൂര്‍ത്തിയാക്കാതെയുള്ള ടെണ്ടര്‍ ഓഡര്‍ നല്‍കിയതും സെക്രട്ടറി അറിയാതെയായിരുന്നുവെന്ന് കത്തില്‍ പറയുന്നു. അംഗീകാരമില്ലാത്ത 20.40 കോടിയുടെ ബില്ല് ഉണ്ടാക്കിയെടുത്തെന്നും സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കായി എത്തിയെന്ന് ഫയലില്‍ രേഖപ്പെടുത്തിയ പൈപ്പുകള്‍ എത്തിയിട്ടില്ല. തട്ടിപ്പ് പിടികൂടുമെന്നായപ്പോള്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍, അമൃത് പദ്ധതി നടത്തിപ്പുകാര്‍ എന്നിവര്‍ ചേര്‍ന്ന് കോര്‍പ്പററേഷന്‍ സെക്രട്ടറിയുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Top