20 കോടി കോഴ നല്‍കിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: സംസ്ഥാന മന്ത്രിസഭയെ തകര്‍ക്കാന്‍ ശേഷിയുള്ള ഡൈനമൈറ്റ് തങ്ങളുടെ കൈവശമുണ്ടെന്നു ബാറുടമകള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഒളികാമറാ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനല്‍ ഇന്നലെ പുറത്തുവിട്ടു. 20 കോടിയോളം രൂപ മന്ത്രിമാരുള്‍പ്പെടെ പലര്‍ക്കും നല്‍കിയതായി ബാറുടമാ നേതാക്കള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുന്നതാണു ദൃശ്യങ്ങള്‍.

അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനായി കൈവശമുള്ള തെളിവുകള്‍വച്ചു വിലപേശല്‍ നടത്തണമെന്നാണു യോഗത്തില്‍ ഉയര്‍ന്ന ഒരാവശ്യം. മന്ത്രി കെ.എം. മാണിക്കെതിരേ തെളിവുകള്‍ ഏറെക്കുറെ പുറത്തുവന്നുകഴിഞ്ഞുവെന്ന നിലപാടിലാണ് അസോസിയേഷന്‍. ഈ സാഹചര്യം ഉപയോഗിച്ചു ബാറുടമകളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ഇനിയുള്ള ദിവസങ്ങളില്‍ ശ്രമിക്കേണ്ടതെന്ന് ഒരുവിഭാഗം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരാളെ പിടിച്ചുവളച്ചു നമ്മുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കണം. പണം വാങ്ങിയ പലരേയും ഒഴിവാക്കി കെ.എം. മാണിയുടെ പേരുമാത്രം പുറത്തുവിട്ട നിലയ്ക്കു മാണിയെ വളച്ചു സംഘടനയുടെ കാര്യങ്ങള്‍ നേടിയെടുക്കാനാണു നോക്കേണ്ടെതെന്നാണു പുറത്തുവന്ന ദൃശ്യങ്ങളില്‍ ബാര്‍ ഉടമകള്‍ പറയുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതില്ലെന്ന നിലപാടും ചില അംഗങ്ങളുന്നയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒരുകാരണവശാലും വിശ്വസിച്ചുകൂടെന്നാണ് കെ.എം. മാണിക്കെതിരായി ആരോപണം ഉന്നയിച്ചു ശ്രദ്ധേയനായ ബിജു രമേശ് യോഗത്തില്‍ പറയുന്നത്. അധികാരത്തിനുവേണ്ടി എന്തും ചെയ്ുന്നയായളാണ് ഉമ്മന്‍ ചാണ്ടിയെന്ന് രമേശ് പറയുന്നു.

ധനമന്ത്രി കെ.എം. മാണിക്കു പണംകൊടുക്കുന്നതു സംബന്ധിച്ചു നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന സൂചനയും യോഗത്തിലെ ചര്‍ച്ചകളില്‍നിന്നു വ്യക്തമാണ്. ഗുണ്ടാപ്പിരിവുപോലെയാണ് കെ.എം. മാണി പണം പിടിച്ചുവാങ്ങിയത്. മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ആശ്വാസമായി. സംസ്ഥാന മന്ത്രിമാരായ മൂന്നുപേര്‍ക്കു പണം നല്‍കി. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു കേന്ദ്ര നേതാവ്, കൊല്ലത്തെയും എറണാകുളത്തെയും പ്രമുഖരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും പണം കൈപ്പറ്റിയെന്നാണ് ബാറുടമകള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയേയും ഉന്നതനായ സി.പി.എം. നേതാവിനേയും 418 ബാറുകളുടെ കാര്യത്തില്‍ പണവുമായി സമീപിച്ചുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഒടിക്കേണ്ട വളച്ചാല്‍ മതിയെന്ന ഒരു നേതാവിന്റെ
പ്രയോഗം, തെളിവുകള്‍വച്ചു സര്‍ക്കാരിനെ തകര്‍ക്കുകയല്ല സമ്മര്‍ദം ചെലുത്തുകയാണു വേണ്ടതെന്ന സന്ദേശമാണ് യോഗത്തിനു നല്‍കിയത്. എന്നാല്‍, വളച്ചാല്‍ പോരാ ഒടിക്കണമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നു.

Top