കളിയ്ക്കിടെ 2 വയസ്സുകാരന്‍ അബദ്ധത്തില്‍ അമ്മയെ വെടിവച്ചു കൊന്നു; പിതാവ് അറസ്റ്റില്‍

ഫ്‌ലോറിഡ: യുഎസില്‍ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകന്‍ അബദ്ധത്തില്‍ വെടിവച്ചുകൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഓഗസ്റ്റ് 11നായിരുന്നു സംഭവം.

സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്ന സഹപ്രവര്‍ത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സമയം ആവെരി പുറത്തായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ അപാര്‍ട്‌മെന്റിലെത്തി ലിനിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ നടത്തിയ വെടിവയ്പ്പില്‍ ഈ വര്‍ഷം മാത്രം 114 പേരാണ് യുഎസില്‍ കൊല്ലപ്പെട്ടതെന്നാണു കണക്ക്.

 

Top