നാഗാലാന്‍ഡില്‍ പുതുചരിത്രം; നിയമസഭയില്‍ ആദ്യമായി രണ്ടുവനിതകള്‍

കോഹിമ: ചരിത്രം രചിച്ച് നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയിൽ എത്തുന്നത്. എൻഡിപിപി സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു, സർഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വോട്ടർമാരിൽ പകുതിയോളം സ്ത്രീകളുള്ള നാഗാലാൻഡിൽ 184 സ്ഥാനാർഥികളിൽ ആകെ നാല് വനിതകൾ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 1963ൽ സംസ്ഥാനം രൂപീകരിച്ചതിൽ പിന്നെ ഒരു വനിതാ എംഎൽഎ പോലും സംസ്ഥാനത്തുണ്ടായിട്ടില്ല.നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസ്സിവ് പാർട്ടി (എൻഡിപിപി) സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു, സർഹൗത്യൂനോ ക്രൂസെ, കോൺഗ്രസിന്റെ റോസി തോംസൺ, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാർഥികൾ.

2017-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അനിയന്ത്രിതമായ പ്രതിഷേധങ്ങളായിരുന്നു ഫലം. പ്രതിഷേധത്തിനിടെ രണ്ട് പേർ മരിച്ചിരുന്നു.

Top