ബിജെപിയുടെ കര്‍ണ്ണാടക സ്‌റ്റൈല്‍ ഭയം; 56 വകുപ്പുകള്‍ 7 മന്ത്രിമാര്‍ക്ക് പങ്കിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

ഹാരാഷ്ട്ര വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ചുമതലയേറ്റ് രണ്ടാഴ്ച കൊണ്ടാണ് 56 വകുപ്പുകള്‍ ഏഴ് മന്ത്രിമാര്‍ക്കിടയില്‍ സര്‍ക്കാര്‍ പങ്കുവെച്ചത്. സുപ്രധാന വകുപ്പുകള്‍ കൃത്യമായി പങ്കുവെച്ച് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ തമ്മില്‍ കൂടുതല്‍ പോര് ഒഴിവാക്കുകയാണ് പങ്കുവെയ്ക്കലിന്റെ ലക്ഷ്യം.

എന്നാല്‍ ബിജെപിയെ ഭയന്ന് തല്‍ക്കാലത്തേക്കുള്ള വീതംവെയ്ക്കലാണ് നിലവില്‍ നടന്നിരിക്കുന്നത്. നാഗ്പൂരില്‍ ചേരുന്ന സഭയുടെ ശൈത്യകാല സമ്മേളനത്തിന് ശേഷം താക്കറെ ക്യാബിനറ്റ് വികസനം സാധ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര, നഗരവികസന മന്ത്രാലയം നോട്ടംവെച്ച എന്‍സിപിയെ ഒതുക്കി ആ വകുപ്പുകള്‍ നേടാന്‍ സേനയ്ക്ക് സാധിച്ചത് നേട്ടമായി.

288 അംഗ നിയമസഭയുള്ള മഹാരാഷ്ട്രയ്ക്ക് 43 മന്ത്രിമാരില്‍ കൂടുതല്‍ നിയോഗിക്കാന്‍ കഴിയില്ല. വകുപ്പുകള്‍ പങ്കുവെയ്ക്കുന്ന തര്‍ക്കവും, ചര്‍ച്ചയും നീണ്ടുപോയത് എംഎല്‍എമാര്‍ക്കിടയിലും, ഉന്നത ഉദ്യോഗസ്ഥരിലും, ജനങ്ങളിലും അതൃപ്തി സൃഷ്ടിക്കുന്നതായി നേതൃത്വങ്ങളെ ധരിപ്പിച്ചതായി ഒരു ക്യാബിനറ്റ് അംഗം തന്നെ വെളിപ്പെടുത്തി. സേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ക്ക് ഏതെല്ലാം വകുപ്പ് വേണമെന്നാണ് തത്വത്തില്‍ തീരുമാനമാക്കിയത്.

ബിജെപി സംസ്ഥാനത്ത് കര്‍ണ്ണാടക സ്‌റ്റൈല്‍ പരീക്ഷണം നടത്തുമെന്ന് ഭയന്നാണ് മന്ത്രിസഭാ വികസനം നീട്ടിവെച്ചത്. സഭ ചേരുമ്പോള്‍ അംഗങ്ങള്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ താഴെവീഴും. ഇതിന് അവസരം ലഭിക്കാതിരിക്കാനാണ് സമ്മേളനത്തിന് ശേഷം വികസനം നടത്താന്‍ തീരുമാനിച്ചതെന്ന് എന്‍സിപി മന്ത്രി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Top