കൊറോണ സംശയം; ജമ്മു കശ്മീരില്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിട്ടു, കര്‍ശന ജാഗ്രത !

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ശന ജാഗ്രത. ജമ്മു, സാംബ ജില്ലകളിലെ എല്ലാ പ്രൈമറി സ്‌കൂളുകളും മാര്‍ച്ച് 31 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു.

കൂടാതെ മുന്‍കരുതല്‍ എന്ന നിലയില്‍ ഈ മാസം 31 വരെ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് രണ്ട് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ട് പേരുടേയും പരിശോധനഫലം ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്ന് ജമ്മു കശ്മീര്‍ ആസൂത്രണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറയുന്നു.

ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കുന്നതിനിടെ പുറത്തു പോയ രണ്ട് പേരില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത കാണുന്നതെന്നും അനുവാദമില്ലാതെ ആശുപത്രി വിട്ട ഇവരെ പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നുവെന്നും രോഹിത് കന്‍സാല്‍ പറയുന്നു.

അതേസമയം തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി.

ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവരെല്ലാം വിദേശത്തുനിന്നും വന്നവരാണ്.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,774 കടന്നു. വൈറസ് ബാധമൂലം 3412 പേരാണ് മരിച്ചത്.55,997 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 41,365 പേരാണ് രോഗികളായി തുടരുന്നത്.

Top