2 Secrets in Ommen chandy-biju radhakrishnan guesthouse meeting

എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണന്റേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോള്‍ ബിജു രാധാകൃഷ്ണന്‍ കൈകൂപ്പിയും ഉമ്മന്‍ചാണ്ടി കൈവീശിയും പറഞ്ഞ് അവസാനിപ്പിച്ച ‘രണ്ട് വാചകങ്ങള്‍”. അതിലാണ്, ഇനിയും വെളിച്ചത്ത് വരാനുളള സോളാര്‍ കച്ചവടത്തിന്റെ പിന്നാമ്പുറ കഥകള്‍ ഒളിഞ്ഞിരിക്കുന്നത്.

തട്ടിപ്പ് വിവാദങ്ങള്‍ ഉണ്ടാകും മുമ്പ് സൗരോര്‍ജ്ജം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ സാമ്പ്രാജ്യത്തിന്റെ, ശൃംഖലയുടെ, ശിലയിടല്‍ കര്‍മ്മങ്ങള്‍ അടിക്കടി നടക്കുമ്പോള്‍ അത് മനസിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ സംരംഭത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളോട് തമാശരൂപത്തില്‍ സംസാരിച്ചിരുന്നു. ലോകത്ത് രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ വ്യവസായ സംരംഭങ്ങള്‍ പുത്തരിയല്ലെന്നും സംശയത്തിനോ ചര്‍ച്ചയ്‌ക്കോ സ്ഥാനമില്ലെന്നുമായിരുന്നു പലരുടേയും നിലപാട്. അതെ,, പുതിയകാല സാമൂഹിക ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രൂപം കൊടുത്ത വന്‍ വ്യവസായ സംരംഭം. ആരൊക്കെയാണ് സംരംഭത്തിന്റെ, ശൃംഖലയുടെ, കേന്ദ്ര ബിന്ദു. അത് വെളിവാക്കുന്നത് ആയിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ബിജുരാധാകൃഷ്ണന്റേയും ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങള്‍’

സൗരോര്‍ജ്ജ വ്യവസായത്തിന്റെ ആശയക്കാര്‍ ബിജുരാധാകൃഷ്ണനോ സരിത എസ് നായരോ അല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയവുമായി അടുത്ത് ബന്ധമുളള വ്യവസായം തുടങ്ങി വിജയിപ്പിക്കാന്‍ മാത്രം പ്രാപ്തനല്ല, ഭാര്യയുടെ കൊലക്കേസില്‍ ജീവപര്യന്തം ഇരുമ്പഴി തുറിച്ച് നോക്കിയിരുന്ന ബിജു രാധാകൃഷ്ണന്‍. സരിത ബിജുവിന്റെ ആശ്രിതയും. പതിനായിരം കോടി രൂപയിലധികം പ്രാരംഭ നിക്ഷേപം ലക്ഷ്യമിടുന്ന സംരംഭം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം നിക്ഷേപം ലക്ഷ്യം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി സമയാസമയം നേടി എടുക്കേണ്ട സംരംഭം. സംസ്ഥാന സര്‍ക്കാരിന്റെ കരട് സൗരോര്‍ജ്ജ നയം, 2017 ല്‍ ലക്ഷ്യമിട്ടിരുന്നത് 500 MW വൈദ്യുതി. പിന്നെ വര്‍ഷാവര്‍ഷം വിപുലീകരണം. ഒപ്പം ഫറൂക്ക് അബ്ദുല്ല ആവര്‍ത്തിച്ച് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നയവും. അവിടെ വന്‍കിട വ്യവസായ സംരംഭത്തിന്റെ,ശൃംഖലയുടെ, വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബുദ്ധി പ്രവര്‍ത്തിപ്പിച്ചവര്‍ ചില്ലറക്കാരല്ല. അക്കാര്യം വ്യക്തമായിരുന്നു ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങളില്‍’.

ബിജുരാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയെ കാണാന്‍ മറ്റാരുടേയും ശുപാര്‍ശ ആവശ്യമില്ല. കാരണം വന്‍ സാധ്യതകളുളള സൗരോര്‍ജ്ജ വ്യവസായത്തിന് ബീജാവാപം സംഭവിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ക്യാന്‍വാസിംഗ് ഏജന്റുമാരില്‍ ഒരാളായി ബിജുരാധാകൃഷ്ണനും ഉണ്ടായിരുന്നു. ക്യാന്‍വാസിംഗ് ഏജന്റില്‍ നിന്നും കളക്ഷന്‍ ഏജന്റും യൂണിറ്റ് ഹെഡും പ്രോജക്ട് കോര്‍ഡിനേറ്ററുമായി വളരാന്‍ ബിജു രാധാകൃഷ്ണന് അധികം സമയം വേണ്ടിവന്നില്ല. ഇതിനിടയില്‍ കൈപിടിച്ച് സരിതയെ കൂടെകൂട്ടിയതും ബിജുവിന് നേട്ടമായി. സൂചിപ്പിച്ച തസ്തികകള്‍ക്കപ്പുറം സംരംഭത്തില്‍ ബിജു ആരുമായിരുന്നില്ല. കാരണം അടുത്ത ഇരുപത്തി അഞ്ച് വര്‍ഷം മുന്‍കൂട്ടികണ്ട് വ്യാവസായിക പദ്ധതി തയ്യാറാക്കിയത് പുതുപ്പളളി ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയുടെ ആണും പെണ്ണും ചേര്‍ന്ന പിന്തുടര്‍ച്ചക്കാര്‍. അവര്‍ രൂപം നല്‍കിയതാകട്ടെ കുടുംബ വ്യവസായ സാമ്പ്രാജ്യത്തിനും. മാതൃകയാക്കിയത് മറ്റ് സംസ്ഥാനങ്ങളിലേയും വിദേശത്തേയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ. എന്തിനേറെ സോണിയ ഗാന്ധിയും മകളും മരുമകനും വ്യാവസായിക അധിപതികളായി മുന്നിലുണ്ടല്ലോ. ഇതൊക്കെ മനസിലാക്കാന്‍ പദ്ധതിയുടെ സ്വഭാവവും, ഇടപാടുകാരേയും,ശൃംഖലയിലെ കണ്ണികളേയും, നടപ്പാക്കിയ ബിസിനസ്സ് തന്ത്രങ്ങളും പഠിച്ചാല്‍ മതി. ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങള്‍’ ഇക്കാര്യങ്ങള്‍ അടിവരയിടും.

ഏതൊരു വന്‍കിട വ്യവസായ സംരംഭത്തിലും മദ്യവും മദിരാക്ഷിയും അടങ്ങുന്ന വാരാന്ത്യ വര്‍ഷാന്ത്യ കൂടിച്ചേരലുകള്‍ സ്വാഭാവികം. അതൊക്കെ അങ്ങെയറ്റം പ്രൊഫഷണലായി ബിസിനസ്സ് താല്‍പര്യങ്ങള്‍ക്ക് മാത്രമായി ഷെഡ്യൂള്‍ ചെയ്യുന്നതും. പുതുപ്പളളി ഹൗസ് രൂപം കൊടുത്ത് വികസിപ്പിച്ചുകൊണ്ടുവന്ന വ്യവസായ സാമ്പ്രാജ്യത്തിന് വിനയായത്, നാല് പേരുടെ പ്രണയവും ലൈംഗികതയും, ബിസിനസിനപ്പുറം വൈകാരികതലങ്ങളിലേക്ക് കടന്നതാണ്. അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും നടപടി എടുക്കുന്നതിലും പുതുപ്പളളി ഹൗസിലെ പിന്തുടര്‍ച്ചക്കാര്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ വ്യവസായ യാത്രയ്ക്കിടെ ഉടലെടുത്ത ബിജു സരിത മത്സരത്തെ വ്യാവസായികാര്‍ത്ഥത്തില്‍ തന്നെ മുതലാക്കാമെന്ന അതിബുദ്ധി വിനയായി.

ബിജുരാധാകൃഷ്ണന്‍-ശാലുമേനോന്‍ ബന്ധവും, സരിത നായര്‍-ഗണേഷ് കുമാര്‍ ബന്ധവും കൈവിട്ട കളിയായി മാറിയിട്ടും നടപടിക്ക് പകരം സമവായം തേടിയത് തിരിച്ചടി ആയി. ബിസിനസ് പണം പ്രണയ ധൂര്‍ത്തിന് മറയായിട്ടും തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ല. ബിജുവും സരിതയും പരസ്പരം കുറ്റപ്പെടുത്തി ‘മാഡത്തോട്’ നിരന്തരം പരാതി പറഞ്ഞപ്പോള്‍ സാറും പിന്തുടര്‍ച്ചക്കാരും റിപ്പോര്‍ട്ട് തേടിയത് ജോപ്പന്‍, ജിക്കു, സലീം എന്നിവരില്‍ നിന്നും. വരുമാനത്തിന്റെ ശരാശരി വീതംവയ്പ്പിലും ഇടപാടുകളിലും കണ്ണുമഞ്ഞളിച്ചുപോയ ഇവരുടെ റിപ്പോര്‍ട്ടിംഗ് കൃത്യമായില്ല. മാത്രവുമല്ല കച്ചവട ഓഹരി കൃത്യമായി പോക്കറ്റിലെത്തിക്കുന്ന ഇടനിലക്കാരെ വിമര്‍ശിച്ച് പറയാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല. ധൂര്‍ത്തും ലൈംഗിക അരാജകത്വവും അപക്വതയും കടപുഴകിച്ചത് കേന്ദ്ര സംസ്ഥാന ഖജനാവിനെ കൂട്ട് പിടിച്ച് പുതുപ്പളളി ഹൗസ് പടുത്തുയര്‍ത്താന്‍ തുടങ്ങിയ ബിസിനസ് സാമ്പ്രാജ്യത്തെയാണ്.

”സര്‍, മാഡത്തോടും മകനോടും മകളോടും അപ്പപ്പോള്‍ കാര്യങ്ങളൊക്കെ കൃത്യമായി വ്യക്തമാക്കിയിരുന്നു, ആത്മാഭിമാനത്തിന് മുറിവേറ്റ് , നില്‍ക്കാനാകാതെ വന്നാല്‍ പിന്നെ ഞാനെന്ത് ചെയ്യും, ഇക്കണക്കിന് പോയാല്‍ എല്ലാം തകരും” കേട്ടിരുന്ന ഉമ്മന്‍ ചാണ്ടി ബിജുവിനെ സമാധാനിപ്പിച്ചു. ”കാര്യങ്ങളൊക്കെ ശരിയാകും, നമുക്ക് ശരിയാക്കാം, ബിജു ധൈര്യമായി പോകൂ.”

ഉമ്മന്‍ചാണ്ടി -ബിജു രാധാകൃഷ്ണന്‍ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ച അവസിനിപ്പിച്ച വാചകങ്ങള്‍. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. ഡോ. യാമിനി തങ്കച്ചി എല്ലാ തെളിവും പരാതിയായി സാക്ഷാല്‍ പി സി ജോര്‍ജ്ജിന് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് പി സി ജോര്‍ജ് സമയം ചോദിച്ചതിന്റെ ഗുട്ടന്‍സ് അപ്പോഴും ഉമ്മന്‍ചാണ്ടി മനസിലാക്കിയിരുന്നില്ല. പുതുപ്പളളി ഹൗസിലെ കാരണവരുടെ അനുഗ്രഹത്താല്‍ പിന്തുടര്‍ച്ചക്കാര്‍ രൂപം നല്‍കി വികസിപ്പിച്ചു വന്ന വന്‍ വ്യവസായ സംരംഭത്തിന്റെ, ശൃംഖലയുടെ, ആണിക്കല്ല് അവിടെ ഇളകി തുടങ്ങി.

ഉമ്മന്‍ ചാണ്ടി മാന്യനാണ്. തന്റെ പിന്തുടര്‍ച്ചക്കാരുടെ സ്വപ്നമായ കുടുബ ബിസിനസ്സ് പൊട്ടി പാളീസായിട്ടും അതിന് അടിത്തറപാകാന്‍ സഹായിച്ച വന്‍ സ്രാവുകളെ സംരക്ഷിക്കുന്നതിലൂടെ. അതുവഴി ഒരു പോറലും ഏല്‍ക്കാതെ തന്റെ എല്ലാമെല്ലാമായ പിന്തുടര്‍ച്ചക്കാരെ സംരക്ഷിച്ച് നിറുത്തുക ലക്ഷ്യം. ബലിയാടായത് വെറും പരല്‍ മീനുകള്‍ മാത്രം. അതുകൊണ്ടാണ് പരല്‍മീനുകളുടെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം ജീവന്‍ തുടിച്ച് നില നില്‍ക്കുന്നതും, വന്‍ സ്രാവുകള്‍ ഒളിഞ്ഞും തെളിഞ്ഞും വിറയ്ക്കുന്നതും.

പിന്‍കുറിപ്പ് : മക്കള്‍ സ്‌നേഹവും മറിയം റഷിദ മഞ്ഞകഥകളും ഉയര്‍ത്തിക്കാട്ടി കെ കരുണാകരന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. സരിത മഞ്ഞകഥകളും ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ സ്‌നേഹവും കോണ്‍ഗ്രസില്‍ ചിരിയുടെ മാലപ്പടക്കമാകുമ്പോള്‍ നിയതിയുടെ വാക്യം സ്വന്തം നാവാല്‍ ഉമ്മന്‍ ചാണ്ടി വിസ്തരിച്ചു. ”അപമാനിച്ച് ഇറക്കി വിടാമെന്ന് ആരും കരുതേണ്ട”

(കൈരളി പീപ്പിള്‍ ചാനലിലെ ചീഫ് സബ്എഡിറ്ററാണ് ലേഖകന്‍)

SV Pradeep, 9495827909

Top