2 police killed in car bomb attack in southeastern Turkey

അങ്കാറ: വടക്ക്കിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദ്ദിഷ് വിമതര്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ന്യൂസിയാബിന്‍ പ്രദേശത്തെ ട്രാഫിക് പൊലീസ് സ്റ്റേഷനും താല്‍കാലിക താമസസ്ഥലങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സിറിയയുമായുള്ള അതിര്‍ത്തി പ്രദേശമാണിത്. കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേസ് പാര്‍ട്ടിയിലെ(പി.കെ.കെ) തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ പോരാട്ടം നടക്കുന്ന സ്ഥലമാണിത്.

തുര്‍ക്കി സര്‍ക്കാരും പി.കെ.കെയും തമ്മിലുള്ള ദുര്‍ബലമായ സമാധാന ഉടമ്പടി കഴിഞ്ഞ ജൂലായില്‍ അവസാനിച്ചിരുന്നു. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. പൊലീസിന്റെ താല്‍കാലിക വാസസ്ഥലത്തുണ്ടായ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം തലസ്ഥാനമായ അങ്കാറയില്‍ നടന്ന ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ ഇരുപത്തി ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. പി.കെ.കെയുടെ ശാഖയായ ഒരു കുര്‍ദ്ദിഷ് ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ജൂലായ് മുതല്‍ നടന്ന മൂന്നു വ്യത്യസ്ത ചാവേര്‍ ബോംബാക്രമണത്തില്‍ 145 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ജനുവരിയില്‍ ചരിത്രപ്രാധാന്യമുള്ള സുല്‍ത്താന്‍അഹമ്മദ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 ജര്‍മ്മന്‍ ടൂറിസ്റ്റുകളും ഉള്‍പ്പെടും. ആക്രമണങ്ങള്‍ ഐഎസാണ് നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Top