പാക്ക്‌-വിന്‍ഡീസ് മത്സരത്തിനിടെ 2 താരങ്ങള്‍ കുഴഞ്ഞുവീണു

ആന്റിഗ്വ: പാക്കിസ്ഥാനെതിരായ രാജ്യാന്തര ട്വന്റി20 മത്സരത്തിനിടെ വെസ്റ്റിന്‍ഡീസ് വനിതാ ടീമിലെ രണ്ടു താരങ്ങള്‍ കുഴഞ്ഞുവീണത് ആശങ്ക പരത്തി. പാക്കിസ്ഥാന്‍ – വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. 10 മിനിറ്റിന്റെ ഇടവേളയിലാണ് ഇരുവരും കുഴഞ്ഞുവീണത്. മത്സരത്തില്‍ വിന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. വിന്‍ഡീസ് താരങ്ങളായ ഷിനേല്‍ ഹെന്റി, ഷെഡിന്‍ നേഷന്‍ എന്നിവരാണ് എല്ലാവരെയും ഞെട്ടിച്ച് കുഴഞ്ഞുവീണത്.

ഷിനേല്‍ ഹെന്റിയാണ് ആദ്യം കുഴഞ്ഞുവീണത്. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ നാലാം ഓവറിലാണ് ഹെന്റി തളര്‍ന്നു വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിന്‍ഡീസ് ടീമിലെ സഹതാരങ്ങള്‍ ഓടിയെത്തി. ടീം ഫിസിയോയുടെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

മത്സരം പുനരാരംഭിച്ച് അധികം വൈകും മുന്‍പ് നേഷനും കുഴഞ്ഞുവീണു. പ്രാഥമിക ചികിത്സ നല്‍കിയശേഷം നേഷനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും ബോധം തെളിഞ്ഞതായും ആരോഗ്യനില മെച്ചപ്പെട്ടെന്നും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പിന്നീട് ട്വീറ്റ് ചെയ്തു.

‘ഷിനേല്‍ ഹെന്റി, ഷെഡീന്‍ നേഷന്‍ എന്നിവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇരുവര്‍ക്കും ബോധം തെളിഞ്ഞിട്ടുണ്ട്. ആരോഗ്യനിലയും മെച്ചപ്പെട്ടു’ – വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചു.
ഇടയ്ക്ക് മഴ കൂടി തടസപ്പെടുത്തിയതോടെ പൂര്‍ത്തിയാക്കാനാകാതെ പോയ മത്സരത്തില്‍ വിന്‍ഡീസ് മഴനിയമപ്രകാരം ഏഴു റണ്‍സിന് വിജയിച്ചു.

കുഴഞ്ഞുവീണ താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണെടുത്തത്. 20 പന്തില്‍ 30 റണ്‍സെടുത്ത കിസിയ നൈറ്റ് കഴിഞ്ഞാല്‍ വിന്‍ഡീസിനായി കൂടുതല്‍ റണ്‍സെടുത്തത് നേഷനാണ്. 33 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ്.

പാക്കിസ്ഥാന്‍ 18 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ മത്സരം തടസപ്പെടുത്തിയത്. ഇതോടെ മഴ നിയമപ്രകാരം വിന്‍ഡീസ് ഏഴു റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചു.

 

Top