കള്ളവാര്‍ത്തകള്‍ നല്‍കിയപ്പോള്‍ കട്ടപ്പനയില്‍ പൊലിഞ്ഞത് 2 ജീവന്‍ !

രിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രണ്ട് മരണങ്ങളാണ് അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ നടന്നിരിക്കുന്നത്. ഒന്ന് തീ കൊളുത്തിയുള്ള ആത്മഹത്യയാണെങ്കില്‍ രണ്ടാമത്തേത് ജയിലിനുള്ളിലെ തൂങ്ങി മരണമാണ്. ഈ രണ്ട് മരണങ്ങള്‍ക്കും കാരണക്കാരയവരെയും യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് പൊതുസമൂഹം വ്യക്തമായി അറിയേണ്ടതുണ്ട്. ഇര എന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിശേഷിപ്പിക്കുന്ന പെണ്‍കുട്ടിയും മനുവും തമ്മില്‍ ദീര്‍ഘകാലം പ്രണയത്തില്‍ ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യം പെണ്‍കുട്ടിയുടെ വീടുമായി ഹൃദയബന്ധമുള്ള മാര്‍ട്ടിന്‍ മേനച്ചേരി എന്ന മാധ്യമ പ്രവര്‍ത്തകന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

കട്ടപ്പന നരിയാംപാറ സ്വദേശിയായ 17 കാരിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും തമ്മിലുള്ള പ്രണയത്തെ പീഡനമാക്കി മാറ്റിയതാണ് രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിച്ചു നല്‍കാമെന്ന വീട്ടുകാര്‍ തമ്മിലുള്ള ധാരണയെ കാറ്റില്‍ പറത്തി പെണ്‍കുട്ടിയുടെ ഒരു ബന്ധു നടത്തിയ നീക്കമാണ് ദുരന്തത്തിന് വഴിവച്ചിരുന്നത്. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ഈ ബന്ധു രക്ഷിതാക്കളെ സ്വാധീനിച്ച് പെണ്‍കുട്ടിയെ കൊണ്ട് മനുവിനെതിരെ പീഡന പരാതി കൊടുപ്പിച്ച് കേസെടുപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതാക്കള്‍ അടക്കം നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനവും കട്ടപ്പനയില്‍ നടക്കുകയുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മാധ്യമങ്ങളും വലിയ രൂപത്തിലാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. തനിക്ക് തെറ്റായ പരാതി നല്‍കേണ്ടി വന്നതിലെ മനോവിഷമത്തെ തുടര്‍ന്ന് പിന്നീട് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

40 ശതമാനത്തിലികം പൊള്ളലേറ്റ 17കാരി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണപ്പെട്ടിരുന്നത്. പീഡന കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനു കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലില്‍ വച്ച് തന്നെയാണ് ആത്മഹത്യ ചെയ്തിരുന്നത്. ഈ രണ്ടു മരണങ്ങളിലും ചില മാധ്യമങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. അവരാണ് പെണ്‍കുട്ടിയുടെ ബന്ധുവിനെ പോലെ തന്നെ ഈ വിഷയം വഷളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരിക്കുന്നത്. എല്ലാവരും മനുവിനെ ഏകപക്ഷീയമായാണ് കടന്നാക്രമിച്ചത്. അതിന് ഇക്കൂട്ടരെ പ്രേരിപ്പിച്ചത് അവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആണ് എന്നത് മാത്രമാണ്. മനുവിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐക്കും ആ യുവാവിനെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കേണ്ടി വന്നിരുന്നു. മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതു വികാരത്തില്‍ അങ്ങനെ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതും മനുവിന്റെ മനസ്സിനെ ഉലച്ച സംഭവമാണ്.

പ്രണയത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന നികൃഷ്ട ജീവികള്‍ ഈ നാടിന്റെ തന്നെ ശാപമാണ്. ജയിലിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍ പറഞ്ഞ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ‘വ്യക്തികള്‍ തമ്മിലുള്ള പ്രണയം തടസ്സപ്പെടുമ്പോഴോ അവസാനിക്കുമ്പോഴോ അതുവരെ പരസ്പര സമ്മതപ്രകാരം നടത്തിയ എല്ലാ ഇടപാടുകളും ഏകപക്ഷീയമായി പീഡനത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇന്നും നമ്മുടെ നാട്ടിലെ രക്ഷകര്‍ത്താക്കളില്‍ ഭൂരിപക്ഷത്തിനും മക്കളുടെ പ്രണയവും സ്വജാതിയില്‍ നിന്ന് തീരുമാനിച്ചുറപ്പിക്കാത്ത വിവാഹങ്ങളും ബോധ്യമായിട്ടില്ലെന്നും രശ്മിത ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രണയബന്ധങ്ങളുടെ മേല്‍ ഭസ്മാസുര വേഷമാണവര്‍ക്കുള്ളതെന്നും രശ്മിത കുറ്റപ്പെടുത്തുന്നു.

മകളുടെ മേല്‍ ഇറക്കുന്ന സെന്റിമെന്റല്‍ ഡയലോഗുകള്‍ ഫലം കാണാതെ വരുമ്പോഴാണ് പീഢന ആരോപണങ്ങളുമായി കാമുകനു നേരെ പലരും തിരിയുന്നത്. വിവാഹിതയായ സ്ത്രീയുടെ പുരുഷ സൗഹൃദങ്ങളെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ ചോദ്യം ചെയ്യുമ്പോഴും മുന്‍കാല സൗഹൃദത്തെ പീഡനമായി ചിത്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ കേസുകളും താന്‍ ഏറെ കണ്ടിട്ടുണ്ടെന്നും രശ്മിത സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പോലും കൊഞ്ഞനം കുത്തിക്കാണിയ്ക്കുന്ന ഒരു പ്രവണതയാണിതെന്നും അവര്‍ തുറന്നടിച്ചു. സ്ത്രീ പ്രശ്നങ്ങള്‍ കെട്ടിച്ചമച്ചവയാണെന്ന ധാരണ അകാരണമായി ഇരയാക്കപ്പെടുന്ന പുരുഷന്‍മാര്‍ക്കും തെളിവുകള്‍ പരിശോധിക്കുന്ന ന്യായാധിപന്‍മാര്‍ക്കുമെങ്കിലും ഇതുകൊണ്ടുണ്ടാകുന്നുണ്ടെന്നും രശ്മിത രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

യാതൊരു ജാഗ്രതയും ഇല്ലാത്ത റിപ്പോര്‍ട്ടിംഗ് മൂലം മാധ്യമങ്ങള്‍ ഈ പ്രവണതയെ,കുറ്റകരമായ രീതിയില്‍ പ്രോത്സാഹിപ്പിയ്ക്കുകയാണെന്ന അഭിപ്രായവും അഭിഭാഷക പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ Civil death കൊണ്ടുവരുന്ന അപവാദ പ്രചരണമായി മാധ്യമ പ്രവര്‍ത്തനം മാറരുതെന്ന് ആവശ്യപ്പെട്ട രശ്മിത രാമചന്ദ്രന്‍ അര്‍ണാബ് ഗോസ്വാമി മാത്രമല്ല എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആത്മഹത്യ പ്രേരണാക്കുറ്റം ബാധകമാണെന്ന് കൂടി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചിരുന്ന ഒരു യുവാവാണ് രാഷ്ട്രീയ പകയാല്‍ ഇവിടെ വേട്ടയാടപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് രണ്ട് വിലയേറിയ ജീവനുകളും ഒടുവില്‍ നഷ്ടമായിരിക്കുന്നത്. അപമാന ഭാരത്താല്‍ രാഷ്ട്രീയ കേരളം തല കുനിക്കേണ്ട സന്ദര്‍ഭമാണിത്.

Top