പികപ് വാന്‍ ഇടിച്ച്‌ 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണപുരത്ത് നിയന്ത്രണം വിട്ട പികപ് വാന്‍ ഇടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുസമദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

റോഡരികില്‍ നില്‍ക്കുന്നവരുടെ നേരെ വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

പികപ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്നവര്‍ക്ക് നേരെ പാഞ്ഞുകയറിയെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കണ്ണൂര്‍ മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top