‘മഹാരാഷ്ട്ര’യില്‍ തീരുമാനം ഉണ്ടാക്കാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍; ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരു വശത്ത് ബിജെപി കരുക്കള്‍ നീക്കുമ്പോള്‍ ബദല്‍ നീക്കവുമായി ശിവസേന. ഏത് വിധേനയും ശിവസേനയെ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുക എന്ന ബിജെപി അജണ്ടയ്ക്ക് ഇതുവരെ ഉദ്ധവ് താക്കറെ വഴങ്ങിയിട്ടില്ല. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ധാരണ അംഗീകരിക്കുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്നാണ് ശിവസേനയുടെ നിലപാട്.

അതേസമയം ഇന്ന് രാജ്യ തലസ്ഥാനത്ത് നടക്കുന്ന രണ്ട് കൂടിക്കാഴ്ചകള്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും എന്‍.സി.പി തലവന്‍ ശരദ് പവാറുമാണ് കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയത്.

ശിവസേനയുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയും കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണ ഉറപ്പാക്കാനുള്ള ദൗത്യവുമായിട്ടാണ് ശരദ് പവാര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. എന്‍.സി.പിയും ശിവസേനയും ഈ നീക്കം നടത്തുമ്പോഴും അവരെ തഴഞ്ഞ് എന്‍സിപിയുടെ പിന്തുണ സമാഹരിക്കാനുള്ള മറ്റൊരു തന്ത്രവും ബിജെപി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി പങ്കിടാമെന്നും ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് ശിവസേനയ്ക്ക് മുമ്പില്‍ ബിജെപി വച്ചിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ നടക്കുന്ന മൂന്നാമതൊരു യോഗവും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി നടത്തുന്ന യോഗമാണ് ഇത്. വൈകിട്ട് അഞ്ച് മണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുന്ന റാവത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആവശ്യപ്പെടുക.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായുള്ള ഫോട്ടോ ഇന്ന് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പുള്ള യാത്രകള്‍ ആസ്വാദ്യകരമാണെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ പുറത്തുപോകുകയും ചെയ്യുമ്പോള്‍ അവകാശവാദം ഉന്നയിക്കുക എന്നതാണ് ശിവസേനയുടെ തന്ത്രം.ഗവര്‍ണര്‍ ബിജെപിയെയേ ആദ്യം ക്ഷണിക്കൂവെന്നത് മുന്‍കൂട്ടി കണ്ടാണ് ഒരുമുഴം മുമ്പെ ശിവസേനയുടെ ഈ നീക്കം.

Top