ബെൽജിയത്തിൽ 2 ഹിപ്പോകൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെൽജിയത്തിലെ ആന്‍റ്‍വെര്‍പ് മൃഗശാലയിൽ രണ്ട് ഹിപ്പോകൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14ഉം 41ഉം വയസുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ല. ഹിപ്പോകള്‍ ഇപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. ”എന്‍റെ അറിവില്‍ ഹിപ്പോകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്” മൃഗശാലയിലെ വെറ്റിനറി ഡോക്ടര്‍ ഫ്രാൻസിസ് വെർകാമ്മൻ പറഞ്ഞു. ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, ലോകമെമ്പാടുമുള്ള മൃഗശാലയിലെ മൃഗങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, നെബ്രാസ്‌കയിലെ ഒരു മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ വൈറസ് ബാധിച്ച് ചത്തിരുന്നു. മനുഷ്യരുടെ സഹജീവികളായ മൃഗങ്ങള്‍, പ്രത്യേകിച്ച് പൂച്ചകളും നായ്ക്കളും, കൊറോണ വൈറസ് ബാധിച്ച മൃഗങ്ങളുടെ മുന്‍നിര ഗ്രൂപ്പാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും ആളുകളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുമെന്ന് സി.ഡി.സി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Top