ആപ്പിളുമായി പോയ ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു; ട്രക്കിന് തീയിട്ടു

ഷോപ്പിയാന്‍: ഷോപ്പിയാനില്‍ രണ്ട് ട്രക്ക്് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു.ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്.

രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി മൊഹമ്മദ് ഇല്ലിയാസ് ആണ് മരിച്ച ഒരു ഡ്രൈവര്‍. രണ്ട്് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പരിക്കേറ്റ പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ സ്വദേശിയായ ഡ്രൈവറെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ആപ്പിള്‍ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് ഷോപിയാനില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്.

കശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി അയക്കുന്നത് കൂടുതല്‍ സജീവമായതോടെ തീവ്രവാദികള്‍ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.

Top