വിഎസ്‌എസ്‌സി റിക്രൂട്ട്മെന്റ് പരീക്ഷയിൽ സ്ക്രീൻവ്യൂവറും ബ്ലൂടൂത്തും വഴി കോപ്പിയടി; 2 പേർ പിടിയിൽ

തിരുവനന്തപുരം : വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വിഎസ്‌എസ്‌സി) നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. സുനിൽ, സുമിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുതുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്കൂളുകളിലാണ് ഇവർ പരീക്ഷ എഴുതിയത്. ഐഎസ്ആർഒയുടെ ടെക്നീഷ്യൻ പരീക്ഷയിലാണു കോപ്പിയടി നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളജ്– മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ചശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്ക്രീൻ വ്യൂവർ വഴി പുറത്തുള്ള ആൾക്ക് ഷെയർ ചെയ്തു. അതിനു ശേഷം ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സുമിത്ത് 80ല്‍ 70 ചോദ്യങ്ങൾക്ക് ഉത്തരം എഴുതി. സുനിൽ മുപ്പതോളം ചോദ്യങ്ങൾക്കാണു ഉത്തരമെഴുതിയത്.

Top