ഒരുവര്‍ഷത്തിനിടെ 2.5ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍; വില്‍പനയില്‍ കുതിച്ച് ഓല

വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2.5ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പനയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഓല. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 21 വരെയുള്ള കണക്കുകള്‍ പ്രകാരം 2,52,647 സ്‌കൂട്ടറുകളാണ് വിറ്റത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനി ഒരു വര്‍ഷം കൊണ്ട് 2.5 ലക്ഷം വാഹനങ്ങള്‍ വില്‍പന നടത്തുന്നത്.

ഈ വര്‍ഷം ഇതുവരെ രാജ്യത്ത് വിറ്റത് 8,28,537 ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ 31 ശതമാനവും ഓലയുടേതാണ്. 1,62,399 സ്‌കൂട്ടറുകള്‍ വിറ്റ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 1,01,940 സ്‌കൂട്ടറുകള്‍ വിറ്റ എഥര്‍ എനര്‍ജെക് ആണ്. അതേസമയം ഷോറൂമുകളിലൂടെയും ഓണ്‍ലൈനായും കച്ചോടം പൊടിപൊടിക്കുമ്പോഴും ഓലക്ക് പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,472.08 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു.

2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,56,251 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി വിറ്റത്. അതില്‍ 98,199 എണ്ണം മുന്‍നിര മോഡലായ ഓല S1 പ്രോയാണ്. ബാക്കി മോഡലുകളെല്ലാം ചേര്‍ത്ത് 58,052 യൂണിറ്റാണ് വില്‍പ്പന. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം രണ്ട് സബ്സിഡി കാരണം കൂടുതല്‍ കസ്റ്റമേഴ്സിനെ ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു. വാഹന്‍ പോര്‍ട്ടലിലെ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം 2023 കലണ്ടര്‍ വര്‍ഷം ഓല ഇലക്ട്രിക് 131 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1,09,395 യൂണിറ്റായിരുന്നു ഓലയുടെ റീട്ടെയില്‍ വില്‍പ്പന. 2023 ജനുവരിയില്‍ 18,353 യൂണിറ്റുകളായിരുന്നു ഓലയുടെ വില്‍പ്പന. ‘ഒല എസ്1’ന്റെ അഞ്ച് വകഭേദങ്ങളാണ് കമ്പനി നിലവില്‍ വില്‍പന നടത്തുന്നത്. 2021 ഡിസംബറിലാണ് ഓല ഇലക്ട്രിക് തങ്ങളുടെ കന്നി ഉല്‍പ്പന്നമായ ഓല S1 പ്രോയുടെ വിതരണം ആരംഭിച്ചത്.

Top