ലോകാരോഗ്യ സംഘടന കണക്ക് പുറത്തു വിട്ടു; രാജ്യത്ത് 112,028 പേര്‍ കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 112,028 ആയി. ഇതുവരെ 3,434 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

അതേസമയം, ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനമായ റെയില്‍വേ മന്ത്രാലയം തീരുമാനമെടുത്തു. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ന് മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഒപ്പം രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും. സര്‍വ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും വ്യോമയാന മന്ത്രി അറിയിച്ചിരുന്നു. 35 ശതമാനം വിമാന സര്‍വീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു.

Top