15 ഭാര്യമാര്‍ക്ക് 19 ‘റോള്‍സ് റോയിസ് കള്ളിനന്‍’; ഭരണാധികാരിയുടെ ധൂര്‍ത്തില്‍ പകച്ച് ഈ രാജ്യം

സാധാരണ ഒരു ഭാര്യയ്ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി കൊടുക്കാന്‍ മടിക്കുന്ന ഭര്‍ത്താക്കന്മാരാണ് നമ്മുടെ നാട്ടില്‍. ഇതാ അവര്‍ക്കൊക്കെ മാതൃകയായിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയായ സ്വാറ്റി മൂന്നാമന്‍. അദ്ദേഹത്തിന് ഒന്നും രണ്ടുമല്ല 15 ഭാര്യമാരാണ് ഉള്ളത്. എന്നാല്‍ ആരേയും വേര്‍ത്തിരിച്ച് കാണാന്‍ അദ്ദേഹത്തിന് കഴിയില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

തന്റെ 15 ഭാര്യമാര്‍ക്ക് ആഡംബര യാത്രയൊരുക്കാന്‍ 19 റോള്‍സ് റോയിസ് കള്ളിനന്‍ വാങ്ങി കൊടുത്തു അദ്ദേഹം. വില കേട്ടാല്‍ ഞെട്ടും 175 കോടി രൂപ (24.4 മില്ല്യണ്‍ യുഎസ് ഡോളര്‍). ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഭാര്യമാരെ ശ്രദ്ധിക്കുന്ന കൂട്ടത്തില്‍ രാജ്യത്തെ ജനങ്ങളെ നോക്കാന്‍ അദ്ദേഹം മറന്നു പോയൊ എന്നൊരു സംശയം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. നിലവില്‍ അറുപത്തിമൂന്ന് ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന രാജ്യമാണ് എസ്വാറ്റിനി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..

ഇതിനുപുറമെ, സ്വാസി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ 120 ബി.എം.ഡബ്ല്യു കാറുകളും അദ്ദേഹം ബുക്കുചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ 23 എണ്ണം അദ്ദേഹത്തിന്റെ മക്കള്‍ക്കുവേണ്ടിയാണ് വാങ്ങുന്നത്. ദാരിദ്ര്യം രൂക്ഷമായ രാജ്യത്ത് രാജാവിന്റെ ധൂര്‍ത്ത് കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്സ്-6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.

എന്നാല്‍, രാജ്യം കൊടിയ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരിയുടെ ധൂര്‍ത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് എസ്വാറ്റിനിയില്‍ (സ്വാസിലാന്‍ഡ്) പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. വാഹനം വാങ്ങുമ്പോള്‍ വലിയ ചിലവില്ലെങ്കിലും ഇതിന്റെ പരിപാലനം ചെലവേറിയതാണെന്നാണ് കുറ്റപ്പെടുത്തലുകള്‍. എന്നാല്‍, അദ്ദേഹം വാഹനം വാങ്ങിയതിനെ അനുകൂലിച്ചാണ് എസ്വാറ്റിനി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Top