ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനായില്ല ; വെള്ളം വറ്റിക്കാന്‍ നീക്കം

മേഘാലയ : മേഘാലയിലെ ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ല. നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ ഖനിയുടെ താഴ്ഭാഗത്ത് എത്താനായത്.

കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധ്യമാകൂയെന്നാണ് നാവികസേന പറയുന്നത്.

കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുന്ന 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 20ആം ദിവസത്തിലേക്ക് കടക്കുകയാണ്.

250 അടിയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന ഖനിയില്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ശക്തിയേറിയ പമ്പുകള്‍ ഉപയോഗിച്ച് വേണം വരുന്ന മണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍. കൂടുതല്‍ ഹാലൊജന്‍ ബള്‍ബുകള്‍ ഖനിയില്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താന്‍ കഴിയൂവെന്നും നാവികസേന അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ള വിദഗ്ധസംഘം സ്ഥലത്തുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.

Top