മഹാരാഷ്ട്രയിലെ ‘മക്കള്‍ മാഹാത്മ്യം’; ഭരണം പിടിച്ച് 19 കുടുംബങ്ങളിലെ 43 മന്ത്രിമാര്‍

ഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ മന്ത്രിസഭാ വികസനം സാധ്യമാക്കിയപ്പോള്‍ 26 പേര്‍ക്ക് ക്യാബിനറ്റിലേക്കും, 10 പേര്‍ക്ക് സഹമന്ത്രി പദത്തിലേക്കും പ്രവേശനം നല്‍കി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം സാധ്യമായത്. നിലവില്‍ 43 മന്ത്രിമാരാണ് മഹാരാഷ്ട്രയ്ക്കുള്ളത്.

ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് കുടുംബവാഴ്ച സജീവ ചര്‍ച്ചാ വിഷയമാണ്. മഹാരാഷ്ട്ര സര്‍ക്കാരും ഈ വിഷയത്തില്‍ പിന്നോട്ടല്ല. രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള നേതാക്കളെ തന്നെയാണ് മുഖ്യമന്ത്രി മുതല്‍ താഴേക്ക് ഉള്ളത്. കോണ്‍ഗ്രസ് നേരിടുന്ന പ്രധാന ആരോപണമായ കുടുംബവാഴ്ച മഹാരാഷ്ട്രയിലെ ചെറുകിട പാര്‍ട്ടികളും സജീവമായി പയറ്റുന്നു.

ശിവസേന നേതാവ് ആദിത്യ താക്കറെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനാണ്. ക്യാബിനറ്റ് പദമാണ് ആദിത്യക്ക് ലഭിച്ചത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുതലയേറ്റു, എന്‍സിപി മേധാവി ശരത് പവാറിന്റെ മരുമകനാണ്. ശിവസേന മന്ത്രി ശംഭുരാജെ ജേശായി മുന്‍ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രി ബാലാസാഹെബ് ദേശായിയുടെ പേരമകനാണ്. കോണ്‍ഗ്രസ് മന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ്.

ഇത്തരത്തില്‍ വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖിനും, ബാലാസാഹെബ് തൊറാട്ട് തുടങ്ങി എല്ലാ മന്ത്രിമാര്‍ക്കും പറയാന്‍ ഒരു കുടുംബപ്പേര് പിന്നിലുണ്ട്. ഒരര്‍ത്ഥത്തില്‍ കുടുംബവാഴ്ച കൊടിയുയര്‍ത്തി പറക്കുകയാണ് മഹാരാഷ്ട്രയില്‍.

Top