കൊവിഡിനെ തോല്‍പ്പിച്ച് 18 ദിവസം പ്രായമായ പെണ്‍കുഞ്ഞ് ആശുപത്രി വിട്ടു

മുംബൈ: ജനിച്ച് മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച കുഞ്ഞ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു. മുംബൈയിലെ പവായിലെ ഹിരാനന്ദാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞാണ് രോഗമുക്തി നേടിയത്. കുഞ്ഞിന് കെവിഡ് സ്ഥിരീകരിച്ചപ്പോള്‍ അമ്മയുടെ ശ്രവ സാമ്പിള്‍ ഫലം നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മെയ് 10-ാം തീയതി പ്രദേശത്തെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ വച്ചായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍, ജനിച്ച് 3 മണിക്കൂറിനുള്ളില്‍ കുഞ്ഞ് ഉയര്‍ന്ന പനിയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. പിന്നീട് കുഞ്ഞിനെ നഴ്‌സിംഗ് ഹോമില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും കൊവിഡ് ടെസ്റ്റ് നടത്തുകയുമായിരുന്നു.

മെയ് 12 ന് കെവിഡ് രോഗികളെ ചികിത്സിക്കുന്ന ഹിരാനന്ദാനി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ഇവിടെ പ്രവേശിപ്പിക്കുന്ന സമയത്ത് കുഞ്ഞിന് കടുത്ത പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. കുഞ്ഞ് വെന്റിലേറ്ററില്‍ ആയിരുന്നുവെന്നും മെയ് 28 ന് പരിശോധാനാഫലം നെഗറ്റീവ് ആയതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

Top