1,827 Pocso cases in Karnataka last year

CHILD-RAPE

ബെംഗളൂരു: കര്‍ണാടകയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ ‘പ്രോട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്സ് ആക്ട്’ എന്ന പോസ്‌കോ ആക്ടിനു കീഴില്‍ കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയത് 1,827 കേസുകളാണ്.

1,827 പോസ്‌കോ കേസുകളില്‍ 297 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. 2012-2013 വര്‍ഷങ്ങളില്‍ 480 പോസ്‌കോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ നിന്നാണ് 2016 ല്‍ എത്തിയപ്പോള്‍ 1,827 കേസുകളായി ഉയര്‍ന്നത്.

മഡിവാള,രാജഗോപാല്‍ നഗര്‍,യെശ്വന്ത്പൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പോസ്‌കോ കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

മിക്ക കേസുകളിലും പ്രതികള്‍ സമീപവാസികളും 15-17 വയസിന് ഇടയിലുള്ളവരുമാണെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂളുകളില്‍ ജോലിക്കാരെ നിയമിക്കുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്തണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയാന്‍ വേണ്ടത്ര നടപടികള്‍ അധികൃതര്‍ ഇതു വരെ സ്വീകരിച്ചിട്ടില്ലെന്നും , ബാല പരിരക്ഷ പോളിസി മൂന്ന് വര്‍ഷം മുന്‍പ് ആസൂത്രണം ചെയ്‌തെങ്കിലും ഇപ്പോഴും നടപ്പാക്കാനായിട്ടില്ലെന്നും എന്‍ഫോള്‍ഡ് ഹെല്‍ത്ത് ട്രസ്റ്റ് സ്ഥാപക ഡോ ഷൈബാ സല്‍ധന്‍ഹ കുറ്റപ്പെടുത്തി. മുന്‍കരുതലുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്കണമെന്നും അവര്‍ വ്യക്തമാക്കി.

Top