തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 182 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ 28 റോഡു പ്രവൃത്തികള്‍ക്കായി 123.14 കോടി രൂപയും നാല് പാലങ്ങള്‍ക്കായി 14.42 കോടി രൂപയും അനുവദിച്ചു. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 15 കെട്ടിടങ്ങള്‍ക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നല്‍കി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികള്‍ക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു.
ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി. ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 101 റോഡുകള്‍ക്ക് നേരത്തേ ഭരണാനുമതി നല്‍കിയിരുന്നു. അവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നിലവില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളും വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക അനുമതി നല്‍കി സമയബന്ധിതമായി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ മന്ത്രി ബന്ധപ്പെട്ട വിങ്ങുകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ ആറു ജില്ലകളിലെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കി. കണ്ണൂര്‍ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂര്‍ വേലക്കുട്ടി/ആറ്റൂര്‍ ഗേറ്റ്, ഒല്ലൂര്‍, കോഴിക്കോട് വെള്ളയില്‍, കോട്ടയം കോതനല്ലൂര്‍, കൊല്ലം ഇടകുളങ്ങര, പോളയത്തോട്, തിരുവനന്തപുരം അഴൂര്‍ എന്നിവടങ്ങളിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ആവശ്യമായിടത്ത് സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിര്‍മ്മാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതില്‍ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.