18,000 കോടിയുള്ള ടോറസിന്റെ മേധാവി എസ്എഫ്‌ഐയുടെ മുന്‍ യൂണിറ്റ് സെക്രട്ടറി

തിരുവനന്തപുരം: എസ്എഫ്‌ഐക്കാര്‍ പൊട്ട കിണറ്റില്‍ വീണ തവളകളാണെന്ന് ആക്ഷേപിക്കുന്നവര്‍ കണ്ടുപഠിക്കണം അജയ് പ്രസാദിന്റെ ജിവിതചരിത്രം.

1999 മുതല്‍ 2003 വരെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന തീപ്പൊരി പ്രാസംഗികന്‍ അജയ് ഇന്ന് അമേരിക്ക, കാനഡ, സ്വീഡന്‍, തുര്‍ക്കി, അര്‍ജന്റീന തുടങ്ങി 11 രാജ്യങ്ങളിലായി 18000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്ന ടോറസിന്റെ ഇന്ത്യ മേധാവിയാണ്. താമസം കുടുംബസമേതം അമേരിക്കയിലെ പ്രശസ്തമായ ബോസ്റ്റണ്‍ പട്ടണത്തില്‍.

ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് ശരിയല്ലെന്ന എ.കെ ആന്റണിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഈ മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ജീവിത വിജയം.

എസ്എഫ്‌ഐയില്‍ നിന്ന് ടോറസിലേക്കുള്ള യാത്രയില്‍ അജയിനെ പഠിപ്പിച്ച പാഠം ലോകത്ത് രണ്ടുതരം രാഷ്ട്രീയമേയുള്ളൂ എന്നതാണ്. ഒന്ന് നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന രാഷ്ട്രീയം. രണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി കൂടി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയം.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര അഭിനിവേശം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ട് രണ്ടാമത്തെ രാഷ്ട്രീയത്തോടാണ് അജയിന് താല്‍പര്യം.

താന്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് കോളെജ് യൂണിയനിലും സംഘടനാ തലപ്പത്തുമുണ്ടായിരുന്ന മിക്ക ആളുകളും ജീവിതവിജയം നേടിയവരാണെന്നാണ് അജയിന്റെ സാക്ഷ്യപത്രം.

അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഇപ്പോഴത്തെ ഇടത് രാഷ്ട്രീയത്തിന് ഭീഷണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അജയ് പിന്നീട് കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ പിജിഡിസിഎം നേടിയിരുന്നു.

അവിടെനിന്ന് ബോസ്റ്റണിലേക്ക് പറന്നാണ് റിയല്‍ എസ്റ്റേറ്റ് വിഷയത്തില്‍ എംഎസ്ആര്‍ഇഡി കൈക്കലാക്കിയത്. അതിനുശേഷമായിരുന്നു ടോറസിലേക്കുള്ള പ്രവേശനം. അവിടെവച്ചു പരിചയപ്പെട്ട തിരുവനനന്തപുരം സ്വദേശിനി വിജി കൃഷ്ണയെ പിന്നീട് വിവാഹം കഴിച്ചു.

ഇപ്പോള്‍ ടോറസിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ടൗണ്‍ ടൗണ്‍ ടെക്‌നോപാര്‍ക്കുമായി തിരുവനന്തപുരത്ത് സജീവമാണ്.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനംകൊണ്ട് ഒന്നും നേടാനാവില്ലെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ്‌ ഈ മുന്‍ വിദ്യാര്‍ത്ഥി നേതാവിന്റെ വിജയഗാഥ

Top