18 Maoists killed in Odisha-Andhra border

വിശാഖപട്ടണം: ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. ആന്ധ്രപ്രദേശ്-ഒഡീഷ സംയുക്ത പൊലീസ് സേനയാണ് മാവോയിസ്റ്റുകളെ വധിച്ചത്.

മാല്‍ക്കന്‍ഗിരി ജില്ലയിലെ ജാന്ത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ഇവിടെയെത്തിയ സുരക്ഷാ സേന, പുലര്‍ച്ചെ ഇവരെ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പ്രമുഖ മാവോയിസ്റ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍, ഇവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എത്രപേര്‍ മരിച്ചു എന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് നാല് എകെ47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.

2013 സെപ്റ്റംബറില്‍ മാല്‍ക്കന്‍ഗിരി ജില്ലയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.

Top