തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.6 നിലകളുള്ള കെട്ടിടത്തില്‍ 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചണ്‍, മെസ് ഹാള്‍, സ്റ്റോര്‍ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകളാണ് കെട്ടിടത്തിലുള്ളത്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല ആവശ്യമാണ് ലേഡീസ് ഹോസ്റ്റലിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ താമസ സൗകര്യവും സജ്ജമാക്കി വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. അടുത്തിടെ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍, മെഡിക്കല്‍ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളേജിലെത്തിയും അല്ലാതെയും ചര്‍ച്ചകള്‍ നടത്തി ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. റോഡുകളും പാലവും ഉള്‍പ്പെടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവയും സ്ഥാപിച്ചു.

Top