ബിജെപി നേതാവിന്റെ പശു സംരക്ഷണശാലയില്‍ ചത്തു വീണത് 200 പശുക്കള്‍, നേതാവ് അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ റാജ്പുരില്‍ ഇരുനൂറോളം പശുക്കള്‍ ഭക്ഷണം ലഭിക്കാതെ ചത്തുവീണ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍.

ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാമുല്‍ നഗര്‍ നിഗം വൈസ് പ്രസിഡന്റ് ഹരീഷ് വര്‍മയുടെ പശു സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ 200 പശുക്കളാണ് ചത്തുവീണത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പശുക്കള്‍ മാത്രമാണ് ചത്തത്.

എന്നാല്‍ ഇരുനൂറിലേറെ പശുക്കള്‍ ചത്തതായി ഗ്രാമീണര്‍ വ്യക്തമാക്കി. ഇവയില്‍ ഭൂരിഭാഗത്തേയും പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായും ഗ്രാമീണര്‍ പറയുന്നു.

ഏഴു വര്‍ഷമായി ഹരീഷ് ശര്‍മ പശു സംരക്ഷണ കേന്ദ്രം നടത്തുകയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി രാജ്പുര്‍ പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവ് സേവ റാം സാഹു വ്യക്തമാക്കി. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. നിരവധി പശുക്കളുടെ ജഡങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞു. നിരവധി പശുക്കളെ കുഴിയെടുത്ത് മറവ് ചെയ്തതായും കണ്ടെത്തി- അദ്ദേഹം പറയുന്നു.

പരിശോധന നടത്തിയ ഡോക്ടര്‍മാരും പട്ടിണി കിടന്നാണ് പശുക്കള്‍ ചത്തതെന്ന് വ്യക്തമാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് പശുക്കള്‍ ചത്തത്. ഇനിയും 50 പശുക്കള്‍ കൂടി അതീവ ഗുരുതരാവസ്ഥയില്‍ ഇവിടെയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം ചത്ത പശുക്കളുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജേഷ് രത്രെ പറഞ്ഞു. ഇരുനൂറിലേറെ പശുക്കള്‍ ചത്തതായാണ് ഗ്രാമവാസികള്‍ നല്‍കിയ വിവരം. ഇത് സത്യമാണോയെന്ന് പരിശോധിച്ചുവരികയാണ്. അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കുമെന്നും രാജേഷ് രത്രെ അറിയിച്ചു.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് വര്‍മയുടെ വാദം. പശു സംരക്ഷണ കേന്ദ്രത്തിനായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ല. പശുക്കള്‍ ചത്തതില്‍ താന്‍ ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

Top