പുല്ലുവിളയില്‍ 17,000 കോവിഡ് കേസുകള്‍; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി പറഞ്ഞു. പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കോവിഡ് വ്യാപനമുള്ളത്. ഈ മാസം പതിനഞ്ചാം തീയതി കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരുന്നു.

തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട 671 പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തി. അതില്‍ 288 പേര്‍ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്.ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തി.

Top