ഗാസയില്‍ 17,000 കുട്ടികള്‍ കുടുംബവുമായി വേര്‍പിരിഞ്ഞുവെന്ന് ഐക്യരാഷ്ട്ര സഭ

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. മുനമ്പിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്നും യൂണിസെഫ് വ്യക്തമാക്കി.

വടക്കന്‍, മധ്യ, കിഴക്കന്‍ ഗാസ പൂര്‍ണമായും ഇസ്രയേല്‍ വളഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ യുദ്ധം തുടങ്ങി നിരവധി തവണ ഗാസന്‍ ജനതയ്ക്ക് തങ്ങളുടെ വീട്ടില്‍ നിന്നും പലായനം നടത്തേണ്ടതായി വന്നു. നിലവില്‍ തെക്കന്‍ റാഫാ ഗവര്‍ണറേറ്റിലാണ് ഗാസന്‍ ജനത അഭയം പ്രാപിച്ചതെങ്കിലും ഇവിടെയും ഇസ്രയേല്‍ ആക്രമണം ലക്ഷ്യമിട്ടിരിക്കുകയാണ്.ആക്രമണത്തിന് മുമ്പ് തന്നെ ഗാസയിലെ 500,000 കുട്ടികള്‍ക്ക് മാനസികവും സാമൂഹികവുമായുള്ള പിന്തുണ ആവശ്യമുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പിന്തുണ ഏകദേശം എല്ലാ കുട്ടികള്‍ക്കും ആവശ്യമായി വന്നിരിക്കുകയാണ്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 27,100 പേരില്‍ 11,500 പേരും കുട്ടികളാണ്.

ഗാസയിലെ ആക്രമണങ്ങള്‍ കുട്ടികളെ മാനസികമായി അലട്ടുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തിന് പിന്തുണ നല്‍കണമെന്നും ക്രിക്സ് ആവശ്യപ്പെടുന്നു. ”നിരന്തരമായ ആകുലതകള്‍, ആസക്തി കുറവുകള്‍, ഉറക്കമില്ലായ്മ, ബോംബാക്രമണത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴുള്ള പരിഭ്രാന്തി തുടങ്ങി നിരവധി രോഗലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നുണ്ട്”, അദ്ദേഹം പറയുന്നു. ഈ സംഘര്‍ഷത്തില്‍ കുട്ടികള്‍ ഭാഗമല്ലാതിരുന്നിട്ടും ലോകത്ത് മറ്റൊരു കുട്ടിയും അനുഭവിക്കാത്ത പ്രശ്നങ്ങളാണ് ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ കൃത്യമായ കണക്കുകള്‍ കണ്ടെത്താനും അവരുടെ കുടുംബത്തെ കണ്ടെത്താനും അവര്‍ക്ക് മാനസിക പിന്തുണ നടത്തുന്നതിനും വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top