ടിക് ടോക്ക് വീഡിയോയ്ക്കായി സുഹൃത്തുക്കള്‍ കെട്ടിയിട്ടു; പതിനേഴുകാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചില്‍ ടിക് ടോക്കില്‍ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കരീം ഷെയ്ഖ് എന്ന പതിനേഴുകാരനാണ് മരണപ്പെട്ടത്.

ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനു വേണ്ടി കരീം ഷെയ്ഖിനെ ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടുകയായിരുന്നു. ഇതില്‍ നിന്നും കരീം രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നത് 10 മിനിറ്റോളം നീണ്ടതാണ് കരീം ശ്വാസം മുട്ടി മരിക്കാന്‍ ഇടയായത്.

കരീം മരിച്ചെന്ന് മനസിലായ സുഹൃത്തുക്കള്‍ പേടിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

കരീമും സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നു. ടിക് ടോക് വീഡിയോ ചെയ്യുന്നതില്‍ കരീം അത്യാസക്തനായിരുന്നുവെന്ന് ബന്ധു റെയ്ബുള്‍ ഇസ്ലാം പറഞ്ഞു. രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Top