കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തുന്ന ദമ്പതികളായ മിനിയും ഷിജുവുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മായി ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, വിവിധ സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കൗണ്‍സിലിങ്ങ് സമയത്ത് പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ്.

അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്യതിട്ടില്ല. ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറയുന്നു.അഞ്ചാലുംമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എന്നും രാവിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഒരുമതസ്ഥാപനത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

Top