ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി സനല്‍ ആണ് അറസ്റ്റിലായത്. പന്തളം പോലീസാണ് അറസ്റ്റുചെയ്തത്.

പതിനേഴുകാരിയും ഇരുപത്തിനാലുകാരനായ സനലും തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്നു. ഇതു പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമീപകാലത്ത് പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

കൂടാതെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി അത് ഇന്‍സ്റ്റഗ്രാം വഴി പലര്‍ക്കും അയച്ചുനല്‍കി. നഗ്‌നചിത്രങ്ങള്‍ പെണ്‍കുട്ടിയെത്തന്നെ കാണിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതായും പരാതിയിലുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാള്‍ക്കായി അന്വേഷണമാരംഭിച്ചു. ഇതോടെ വീടിനു സമീപമുള്ള കാട്ടിലേക്ക് കടന്നു.

രാത്രിയില്‍ പലയിടങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് വനത്തിനുള്ളില്‍ അന്വേഷിക്കുന്നതായി അറിഞ്ഞ ഇയാള്‍, താമസിക്കുന്ന വാടകവീട്ടില്‍ തിരിച്ചെത്തി. ഇതോടെ പന്തളം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Top