പത്തനംതിട്ടയില്‍ പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17-കാരിക്ക് ക്രൂരമര്‍ദ്ദനം

പത്തനംതിട്ട: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17-കാരിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ മുന്‍സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തിലാണ് മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 17-കാരിയെ ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും കുട്ടിയുടെ മുഖത്തടിച്ചു. അടിയേറ്റ് പെണ്‍കുട്ടി നിലത്തുവീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടി. നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Top