യു.പിയിലെ 17 വയസ്സുകാരന്റെ കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍ ഒളിവില്‍

death

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഫ്യൂ ലംഘിച്ചെന്നാരോപിച്ച് യുപി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ ഹോംഗാര്‍ഡ് അറസ്റ്റില്‍. ഒളിവില്‍പോയ രണ്ടു പോലീസുകാര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉന്നാവോയിലെ ബംഗാര്‍മാവുവിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു മുന്നില്‍ പച്ചക്കറിക്കച്ചവടം നടത്തി കൊണ്ടിരുന്ന 17 വയസുകാരനെയാണു കര്‍ഫ്യൂ ലംഘിച്ചെന്നാരോപിച്ചു പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്‌റ്റേഷനില്‍ വച്ച് പോലീസുകാരുടെ ക്രൂരമര്‍ദനമേറ്റ യുവാവിനെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അധികൃതര്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയാറായത്.

കേസില്‍ പ്രതികളായ ഹോംഗാര്‍ഡ് ഉള്‍പ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹോംഗാര്‍ഡ് സത്യപ്രകാശിനെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ കോണ്‍സ്റ്റബിള്‍മാരായ വിജയ് ചൗധരി, സിമാവത് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും യു.പി. പോലീസ് അറിയിച്ചു.

Top