ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി 17 ഗ്രാമങ്ങൾ

നവസാരി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് നവസാരി നിയമസഭാ മണ്ഡലത്തിലെ 17 ഗ്രാമങ്ങൾ. അഞ്ചെലി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ നിർത്തണമെന്ന ഇവരുടെ ആവശ്യം ഇതുവരെ അംഗീകരിക്കാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ കാരണം. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് പിന്നാലെ വോട്ട് ചോദിച്ച് ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം ആരും തന്നെ ഗ്രാമങ്ങളിൽ കടക്കരുതെന്ന് കാണിച്ച് ബാനറുകളും തൂക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഒരുവോട്ടുപോലും ചെയ്യാതെ തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം. അഞ്ചെലി റെയിൽവേ സ്റ്റേഷന് സമീപവും ഗ്രാമപ്രദേശങ്ങളിലെയും ‘ട്രെയിൻ നഹി ടു വോട്ട് നഹി’ എന്നെഴുതിയ ബാനറുകളും തൂക്കിയിട്ടുണ്ടെന്ന് ടൈംസ്‌നൗ റിപ്പോർട്ട് ചെയ്യുന്നു.

‘ഇവിടെ നിയോജക മണ്ഡലത്തിൽ കുറഞ്ഞത് 17 ഗ്രാമങ്ങളിലെ ജനങ്ങളെങ്കിലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് ഇവിടെ നിർത്തിയിരുന്ന ട്രെയിൻ നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി ആ ട്രെയിനിനെ ആശ്രയിച്ച നിരവധിപേരുണ്ടായിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെയായപ്പോൾ പലർക്കും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ദിവസവും യാത്രക്ക് മാത്രമായി 300 രൂപയോളം ചെലവഴിക്കേണ്ടിവരുന്നെന്നും നാട്ടുകാരനായ ഹിതേഷ് നായക് ‘എഎൻഐ’യോട് പറഞ്ഞു. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സമയത്ത് ക്ലാസിലെത്താൻ കഴിയുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Top