മഹാരാഷ്ട്ര: ബിജെപിയെ ഒഴിവാക്കി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം; ശിവസേനയില്‍ ഭിന്നത

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഒഴിവാക്കി എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷിയോടൊപ്പം അതൃപ്തിയറിയിക്കാന്‍ 17 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തിയെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. ശിവസേന തങ്ങളുടെ എംഎല്‍എമാരെ വൈകാതെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് സൂചന.

നവംബര്‍ 22-ന് എല്ലാ ശിവസേനാ എംഎല്‍എമാരോടും സംയുക്തയോഗത്തിന് എത്താന്‍ ഉദ്ധവ് താക്കറെ നിര്‍ദേശിച്ചിട്ടുണ്ട്. ഐഡി കാര്‍ഡുകളും വസ്ത്രങ്ങളുമായി എത്തണമെന്നാണ് നിര്‍ദേശം. ഒന്നിച്ച് ഒരിടത്ത് രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം, തുടര്‍നടപടികള്‍ തീരുമാനിക്കും. ഉദ്ധവ് താക്കറെ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേന എംഎല്‍എമാര്‍ പറയുന്നത്.

അതേസമയം ശിവസേനയുമായുള്ള സഖ്യം ആലോചിക്കാന്‍ ഇന്ന് വൈകിട്ട് കോണ്‍ഗ്രസുമായി എന്‍സിപി ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്. ഇതിനിടെ മോദിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുമുണ്ട്. ശിവസേനയുമായി സഖ്യത്തിലാവുകയല്ലാതെ കോണ്‍ഗ്രസ് – എന്‍സിപിക്ക് മുന്നില്‍ വേറെ വഴിയൊന്നുമില്ല. ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തുന്ന യോഗത്തിലാകും കൂടുതല്‍ തീരുമാനങ്ങളുണ്ടാവുക.

കര്‍ഷകപ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. ഈ സാഹചര്യത്തിലാണ് എതിര്‍ചേരിയിലായിട്ടും ശരദ് പവാര്‍ മോദിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങിയത്.

Top