നേതൃത്വത്തെ വെല്ലുവിളിച്ച ഗുലാംനബി വിഭാഗത്തെ തിരിച്ചെടുത്ത കോൺഗ്രസ്സിന് ‘പിഴച്ചു’

രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച, കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ ഗതികേട്, ആ പാർട്ടിയെ വീണ്ടും പൊതു സമൂഹത്തിൽ അപഹാസ്യമാക്കുന്നതാണ്. രാഹുൽ ഗാന്ധിക്കെതിരെയും , കോൺഗ്രസ്സ് നേതൃത്വത്തിനെതിരെയും , രൂക്ഷമായ ആരോപണമുന്നയിച്ച് പാർട്ടിവിട്ട , ഗുലാം നബി ആസാദിനൊപമുള്ള 17 കോണ്‍ഗ്രസ് നേതാക്കളെയാണ് , കോൺഗ്രസ്സ് വീണ്ടും സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്.

ഗുലാം നബി ആസാദ് വിഭാഗം ആവശ്യപ്പെട്ടിട്ടാണ് ഈ തീരുമാനമെന്ന് കോൺഗ്രസ്സ് പറയുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ വസ്തുത അതല്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ , ഗുലാം നബി ആസാദ് വിഭാഗത്തെ ഒപ്പം നിർത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമാണ്.

പൊതുവെ കോൺഗ്രസ്സിന് വലിയ സ്വാധീനം ഇല്ലാത്ത ജമ്മു കശ്മീരിൽ, ഗുലാം നബി ആസാദ് വിഭാഗം കൂടി ഇല്ലങ്കിൽ, അത് ഭാരത് ജോഡോ യാത്രയുടെ സമാപന റാലിയെ ബാധിക്കുമെന്ന് കണ്ടാണ് , തിരക്കിട്ട നീക്കങ്ങൾ അണിയറയിൽ നടന്നിരിക്കുന്നത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് സകല നീക്കങ്ങളും നടന്നിരിക്കുന്നത്.

“പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വരികയാണെന്നും, സന്തോഷത്തിന്‍റെ നിമിഷങ്ങളണിതെന്നുമാണ് കെസി വേണുഗോപാല്‍ പറഞ്ഞിരിക്കുന്നത്. കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ തുടങ്ങി… എം എൽ മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത്. “ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്നാണ് , കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് മൊഴിഞ്ഞിരിക്കുന്നത്.

ഗുലാം നബി ആസാദ് അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ, ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കെ, കോൺഗ്രസ്സ് നേതൃത്വവും , തിരികെ പാർട്ടിയിൽ എത്തിയവരും പറയുന്ന വാദങ്ങൾ, രാഷ്ട്രീയ വിദ്യാർത്ഥികൾക്കു പോലും അംഗീകരിക്കാൻ കഴിയാത്തതാണ്.

ഒരു രാഷ്ട്രീയപാർട്ടിക്ക് ആദ്യം വേണ്ടത് അച്ചടക്കമാണ്. അതില്ലാതെ എത്ര വലിയ വിജയമുണ്ടായിട്ടും ഒരു കാര്യവുമില്ല. അച്ചടക്കവും ആഴത്തിലുള്ള പ്രത്യയ ശാസ്ത്രബോധവുമാണ് , രാഷ്ട്രീയ നേതാക്കളും അണികളും പിന്തുടരേണ്ടത്. അതില്ലങ്കിൽ, നേരം ഇരട്ടി വെളുക്കുന്നതിനു മുൻപ്, ഖദർ ഇനിയും കാവിയണിയുക തന്നെ ചെയ്യും.

നേതാക്കൾക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കും , അവസരം നൽകിയ പാർട്ടിയോടാണ് ആദ്യം കടപ്പാട് ഉണ്ടാകേണ്ടത്. ജനങ്ങളെ മറന്നുള്ള പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ദൗർഭാഗ്യവശാൽ കോൺഗ്രസ്സിൽ കാര്യങ്ങൾ നേരെ തിരിച്ചാണ് , അതുകൊണ്ടാണ് കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിക്കുന്ന ജനപ്രതിനിധികൾ, കാവി വലയിൽചെന്ന് ചാടി കൊടുക്കുന്നത്.

‘പണവും പവറും ‘ ഒരു പോലെ കൈകാര്യം ചെയ്യുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താൻ, ഇങ്ങനെ തട്ടികൂട്ടിയ ഒരു സംവിധാനം കൊണ്ട് കോൺഗ്രസ്സിന് ഒരിക്കലും കഴിയുകയില്ലന്നത്. വൈകിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്. കമ്യൂണിസ്റ്റു പാർട്ടികളെ പോലെ കേഡർ പാർട്ടി ആകാൻ കഴിയില്ലങ്കിലും, അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന ഒരു സംഘടനാ രീതി, ഭാവിയിലെങ്കിലും കോൺഗ്രസ്സ് നടപ്പാക്കുന്നത് നല്ലതായിരിക്കും. സെമി കേഡർ പാർട്ടിയാകാൻ ശ്രമിച്ച്, ഒന്നുമല്ലാതായ കേരളത്തിലെ കോൺഗ്രസ്സിന്റെ അവസ്ഥ കൂടി മനസ്സിലാക്കി വേണം, ഇത്തരമൊരു സാഹസത്തിനു മുതിരുവാൻ .

അധികാര മോഹവും , സമ്പത്തിനോടുള്ള ആർത്തിയും ഉപേക്ഷിച്ച്, ജനങ്ങൾക്കായി സ്വയം സമർപ്പിക്കാൻ തയ്യാറാക്കുന്ന പ്രവർത്തകരും നേതാക്കളുമാണ് , കേഡർ പാർട്ടികളുടെ കരുത്ത്. ഒരു സുപ്രഭാതത്തിൽ സംഘടിപ്പിക്കാവുന്ന കരുത്തല്ല അതെന്നതും ഓർത്തു കൊള്ളണം. പാർട്ടിയെ അപമാനിച്ച് പുറത്തു പോയവരെ ‘നേരം ഇരട്ടി വെളുക്കുന്നതിനു മുൻപ് ‘ തിരിച്ചെടുത്താൽ , അച്ചടക്കം ലംഘിക്കാൻ കൂടുതൽ പേരെയാണ് അത് പ്രേരിപ്പിക്കുക.

ഗുലാം നബി ആസാദ് വിഭാഗം തിരിച്ചെത്തിയത് , കോൺഗ്രസ്സിന് പുതിയ പ്രതിസന്ധിയാണ് ഇനി സൃഷ്ടിക്കാൻ പോകുന്നത്. ഇത് … പുതിയ കാലമാണ്, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ഈ പുതിയ കാലത്ത്, ഗുലാം നബി ആസാദും ഒപ്പമുള്ള നേതാക്കളും അനുയായികളും കോൺഗ്രസ്സ് വിടാൻ പറഞ്ഞ കാരണങ്ങളെല്ലാം , ഒരു വിരൽ തുമ്പിൽ ആർക്കും ലഭ്യമാണ്. ഈ അവസ്ഥയിൽ ഗുലാം നബി ആസാദും കോൺഗ്രസ്സും എന്തൊക്കെ ന്യായീകരണം നിരത്തിയാലും, അത് പൊതു സമൂഹത്തിൽ വിലപ്പോവുകയില്ല.

ഗുലാം നബി ആസാദ് വിഭാഗം 2022 ആഗസ്റ്റിലാണ് കോൺഗ്രസ്സ് വിട്ടിരുന്നത്. അന്ന്, കോൺഗ്രസ്സ് വിടുന്നതിനായി അദ്ദേഹം പറഞ്ഞിരുന്ന പ്രധാനകാരണം, “രാഹുല്‍ ഗാന്ധിയുടെ ബാലിശമായ പെരുമാറ്റങ്ങളാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണമായത് എന്നാണ്.  മുതിര്‍ന്ന നേതാക്കള്‍ നിരന്തരം അപമാനിക്കപ്പെട്ടുവെന്നും, രാജിക്കത്തില്‍ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുകയുണ്ടായി.

2013ല്‍, രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്തതോടെ, കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ അവസാനിച്ചെന്ന കുറ്റപ്പെടുത്തലും, സോണിയ ഗാന്ധിക്കയച്ച കത്തിലുണ്ട്. പരിചയസമ്പത്തില്ലാത്ത പാദസേവകരുടെ നിയന്ത്രണത്തിലായി കോണ്‍ഗ്രസ് പാര്‍ട്ടി എന്നതാണ് മറ്റൊരു ആരോപണം. രാഹുലിന്‍റെ ബാലിശമായ നിലപാടുകള്‍ 2014ലെ പരാജയത്തിലേക്ക് നയിച്ചെന്നും ഗുലാം നബി അന്ന് തുറന്നടിച്ചിട്ടുണ്ട്.

യുപിഎ സര്‍ക്കാരിനെ തകര്‍ത്ത റിമോട്ട് കണ്‍ട്രോള്‍ ഭരണം, ഇപ്പോള്‍ പാര്‍ട്ടിയെയും നശിപ്പിക്കുന്നുവെന്നും, മാത്രമല്ല, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റ ജീവനക്കാരും ചേര്‍ന്നാണ് എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കുന്നതെന്നും, ഗുലാം നബി ആസാദ് രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ നവീകരിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍, 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ് എന്ന കാര്യം കൂടി പരാമർശിച്ചാണ് തന്റെ രാജിക്കത്ത് സോണിയ ഗാന്ധിക്ക് ഗുലാം നബി ആസാദ് സമർപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ച ജി 23 നേതാക്കള്‍ അപമാനിക്കപ്പെട്ട കാര്യവും, കത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഈ കത്തിലെ വാചകങ്ങൾ എല്ലാം വിഴുങ്ങിയാണ് , ഒരു ഉളുപ്പുമില്ലാതെ, ഗുലാം നബി ആസാദ് വിഭാഗത്തിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ്സിൽ തിരിച്ചെത്തിയിരിക്കുന്നത്. കേട്ടതെല്ലാം മറന്ന് കോൺഗ്രസ്സ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.

ഇവിടെ കോൺഗ്രസ്സ് നേതൃത്വം ഓർക്കേണ്ട ഒരുകാര്യം, പോയ ഗുലാംനബി ആസാദ് വിഭാഗം നേതാക്കളല്ല തിരിച്ചു വന്നവർ എന്നതാണ്. ബി.ജെ.പിയുമായി കൃത്യമായും ഹോട്ട് ലൈൻ ഉള്ള നേതാക്കളാണിവർ. ഗുലാം നബി ആസാദിന്റെ സഹോദര പുത്രൻ ഉൾപ്പെടെയുള്ളവരും നിലവിൽ ബി.ജെ.പി യിലാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും പ്രിയപ്പെട്ട ഗുലാം നബി ആസാദ്, പുതിയ പ്രതിസന്ധി കോൺഗ്രസ്സിനു സൃഷ്ടിക്കുമോ എന്നത് , കണ്ടറിയേണ്ട കാര്യം തന്നെയാണ്.
EXPRESS KERALA VIEW

Top