മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് അവസാനം; കര്‍ണാടകയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു:കര്‍ണാടകയില്‍ യെദ്യൂരപ്പാ സര്‍ക്കാരിലെ 17 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് പുതിയ മന്ത്രിമാര്‍ ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്യുന്നത്. പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിസഭാംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനില്‍ ഇന്ന് രാവിലെ 10.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

നിയമസഭയുടെ അംഗബലം അനുസരിച്ച് മുഖ്യമന്ത്രിയടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. വിഭാഗീയത മുന്നില്‍ക്കണ്ടാണ് ഏതാനും മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.എസ്. ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച്. നാഗേഷ്, മുന്‍ മന്ത്രി ബി. ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.

സര്‍ക്കാരിന് അഞ്ചുപേരുടെ ഭൂരിപക്ഷമാണുള്ളത്. ഈ സാഹചര്യത്തില്‍ വിഭാഗീയത രൂക്ഷമായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56-ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയില്‍ അന്തിമതീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം.

Top