യുക്രെയ്നിൽ മിസൈലാക്രമണത്തിൽ 17 മരണം, റഷ്യൻ ലക്ഷ്യം ഡോൺബാസെന്ന് സെലൻസ്കി

കീവ്: യുക്രെയ്നിലെ ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ് മരിച്ചത്. മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ്. വംശഹത്യയാണ് റഷ്യ നടത്തുന്നതെന്നാരോപണമാണ് യുക്രെയ്ൻ ആവർത്തിച്ച് ഉയർത്തുന്നത്.

ഇതിനിടെ സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ യുക്രെയ്ൻ അതിർത്തിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാലിക്കാര്യത്തിൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ 800 ദശലക്ഷം ഡോളറിൻറെ സൈനികസഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഉടൻ യുക്രെയ്ൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി.

അതേസമയം യുക്രൈനിൽ നിന്നുള്ള 4.9 ദശലക്ഷമാളുകൾ യുദ്ധം കാരണം അഭയാർത്ഥികളായെന്നാണ് ഐക്യരാഷ്‍ട്രസഭയുടെ കണക്ക്. എന്നാൽ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തിരികെ എത്തിതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പോളണ്ടിൽ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. കീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും താമസക്കാർ ഒഴിയണമെന്ന് മേയർ അടക്കമുള്ളവർ ആവശ്യപ്പെടുന്നതിനിടെയാണ് കൂടുതൽ ആളുകൾ തിരിച്ചെത്തുന്നത്.

 

Top