കേരളത്തിലെ ന്യൂനപക്ഷമേഖലകളില്‍ 17 കേന്ദ്ര സ്‌കൂളുകള്‍ക്ക് അനുമതി

school

ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം മുന്‍നിര്‍ത്തി കേരളത്തിലെ ന്യൂനപക്ഷമേഖലകളില്‍ 17 കേന്ദ്ര സ്‌കൂളുകള്‍ക്ക് അനുമതി.

നവോദയ, കേന്ദ്രീയ വിദ്യാലയ എന്നിവയുടെ മാതൃകയില്‍ വിവിധ സംസ്ഥാനങ്ങളിലായി 211 സ്‌കൂളുകള്‍, 25 കോളജുകള്‍, അഞ്ച് ഐ.ഐ.ടി/ഐ.എ.എം മോഡല്‍ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതില്‍ 17 സ്‌കൂളുകളും ഒരു കോളജും കേരളത്തിലാണ്.

ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാന്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അഫ്‌സല്‍ അമാനുല്ല ചെയര്‍മാനായി 11അംഗ കമ്മിറ്റിയെ ന്യൂനപക്ഷ മന്ത്രാലയത്തിനുകീഴില്‍ മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ നിയോഗിച്ചിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അംഗീകരിച്ചു.

ഇതോടെയാണ് പുതിയ വിദ്യാലയങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. ഐ.ഐ.ടി/ഐ.ഐ.എം മോഡല്‍ സ്ഥാപനങ്ങള്‍ രാജ്യത്ത് എവിടെയൊക്കെ തുടങ്ങണമെന്ന് മന്ത്രാലയം പിന്നീട് തീരുമാനിക്കും. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങള്‍, ബ്ലോക്കുകള്‍ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയാറാക്കിയത്.

കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും ബ്ലോക്ക് തലത്തില്‍ പാറശ്ശാല, വെട്ടിക്കവല, റാന്നി, പള്ളം, ചമ്പക്കുളം, കട്ടപ്പന, അങ്കമാലി, കൊടകര, അട്ടപ്പാടി, നിലമ്പൂര്‍, കൊടുവള്ളി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, നീലേശ്വരം എന്നിവിടങ്ങളിലും സ്‌കൂള്‍ അനുവദിക്കാനാണ് കമ്മിറ്റി ശിപാര്‍ശ.

40ശതമാനം സീറ്റ് എല്ലാ വിഭാഗത്തിലെയും പെണ്‍കുട്ടികള്‍ക്കായി സംവരണമുണ്ടാകും. മറ്റു സംവരണങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്ന് മന്ത്രി വെളിപ്പെടുത്തി. സ്ഥലവും കെട്ടിടവുമടക്കം സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപനങ്ങള്‍ മുന്‍ഗണനക്രമത്തില്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top