167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തി

ഡല്‍ഹി: 167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഡിക്രെയോസോറിഡ് ഇനത്തില്‍ പ്പെടുന്ന ദിനോസറിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തി. റൂര്‍ക്കിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജയ്‌സല്‍മേറില്‍ നിന്നും ചരിത്രാതീതകാലത്തെ ഫോസിലുകള്‍ പുറത്തെടുത്തത്. താര്‍ മരുഭൂമിയെയും രാജ്യത്തെയും പരാമര്‍ശിച്ച് ശാസ്ത്രജ്ഞര്‍ ദിനോസറിന്റെ ഫോസിലിന് ‘തരോസോറസ് ഇന്‍ഡിക്കസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

അന്താരാഷ്ട്ര ജേണലായ നേച്ചറിന്റെ പ്രസാധകരുടെ സയന്റിഫിക് റിപ്പോര്‍ട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പഠനമനുസരിച്ച്, മനുഷ്യന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത പുതിയ ഇനം ദിനോസറുകളുടെ ഫോസിലുകളാണ് ഇപ്പോള്‍ രാജസ്ഥാനില്‍ കണ്ടെത്തിയതെന്ന് പ്രതിപാദിക്കുന്നു. 2018ലാണ് ജയ്‌സല്‍മേര്‍ മേഖലയില്‍ നിന്ന് ഈ ഫോസിലുകള്‍ ശേഖരിച്ചുകൊണ്ടുപോയത്, ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ആറ് ഗവേഷകര്‍, ഏകദേശം അഞ്ച് വര്‍ഷത്തോളം ഇതേ കുറിച്ച് പഠിക്കാന്‍ ചിലവഴിച്ചിരുന്നു. തുടര്‍ന്നുള്ള പഠന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Top