തൃശൂരിൽ എംവിഡി നടത്തിയ പരിശോധനയിൽ 165 ബസുകൾക്ക് പിഴ

തൃശൂര്‍ ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വ്യാപക പരിശോധനയില്‍ 165 ബസുകള്‍ക്കെതിരെ നടപടി. എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടമാര്‍ എന്നീ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാന്‍ഡുകളിലാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസിലും പരിശോധന നടത്തി. 165 ബസുകളില്‍ നിന്നായി 1.65 ലക്ഷം രൂപയാണ് പിഴയീടാക്കിയത്. സെപ്തംബര്‍ 19 മുതല്‍ 23 വരെയാണ് പരിശോധന നടത്തിയത്.

തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സുരേഷ് കുമാര്‍ കെകെ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിഎസ് സിന്റോ, കൃഷ്ണകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Top