സമ്മര്‍ദ്ദം ടീമിലേക്ക് വരാന്‍ അനുവദിക്കരുതെന്നും 16 വര്‍ഷത്തെ ക്രിക്കറ്റ് എന്നെ പഠിപ്പിച്ചു; രോഹിത് ശര്‍മ്മ

ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ പോരടിക്കാനിറങ്ങുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്ട്രേലിയ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് ഇറങ്ങും മുമ്പ് ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഇന്ത്യന്‍ നായകന്‍.

‘ഞങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാണ്. സമ്മര്‍ദ്ദകരമായ സമയങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും നമുക്ക് കടന്നുപോകേണ്ടിവരും. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് കരിയര്‍ ഉണ്ടാക്കിയ കരുത്തരായ ചില കളിക്കാരെ ഞാന്‍ ഈ ടീമില്‍ കണ്ടിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ ഒന്നും ലഭിച്ചിട്ടില്ല. ദുഷ്‌കരമായ സമയത്തെ അതിജീവിച്ചാണ് അവര്‍ ഇന്ന് കാണുന്നതെല്ലാം നേടിയത്. ഇത്തരം നിമിഷങ്ങളിലൂടെ എങ്ങനെ കടന്നുപോകണമെന്ന് നീണ്ട 16 വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചു’-രോഹിത് പറഞ്ഞു.

‘അനുഭവങ്ങള്‍ നമ്മെ പലതും പഠിപ്പിക്കുന്നു. മത്സരത്തിന്റെ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് അതിലൊന്ന്. സമ്മര്‍ദ്ദ നിമിഷങ്ങളിലൂടെ എങ്ങനെ കടന്നുപോകണമെന്നും, കൈകാര്യം ചെയ്യണമെന്നും ആ സമ്മര്‍ദ്ദം ടീമിലേക്ക് വരാന്‍ അനുവദിക്കരുതെന്നും 16 വര്‍ഷത്തെ ക്രിക്കറ്റ് എന്നെ പഠിപ്പിച്ചു. സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്നത് സവിശേഷ ഗുണമാണ്. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാകും സമ്മര്‍ദത്തോട് പ്രതികരിക്കുക’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top