യു.പിയില്‍ കാമുകനെ കാണുന്നത് വിലക്കിയ അമ്മയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച് 16കാരി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെ കാണുന്നത് വിലക്കിയ അമ്മയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച് 16കാരി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. വിഷം കലര്‍ത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടു വീണതിനെ തുടര്‍ന്ന് പരിഭ്രാന്തരായ പെണ്‍കുട്ടി അയല്‍വാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കാമുകനായ ഹിമാന്‍ഷു കുമാറിനെ കാണരുതെന്ന് അമ്മ പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. കാമുകനെ കാണരുതെന്നും അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകനാണ് വിഷം എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ പെണ്‍കുട്ടിക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തു.

Top