മഹാരാഷ്ട്രയിൽ 16കാരിയെ ബന്ദിയാക്കി 12 മണിക്കൂർ കൂട്ടബലാത്സം​ഗം ചെയ്തു, എട്ടുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പെൺകുട്ടിക്കെതിരെ ക്രൂരത. പതിനാറുകാരിയെ എട്ടുപേർ ചേർന്ന് 12 മണിക്കൂർ ബന്ധിയാക്കി കൂട്ടബലാത്സം​ഗം ചെയ്തു. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ചത്. അവിടെവെച്ച് എട്ടുപേർ 12 മണിക്കൂർ പെൺകുട്ടിയെ തടവിലാക്കി കൂട്ടബലാത്സം​ഗം ചെയ്യുകയയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ടാണ് പ്രായപൂർത്തിയാകാത്ത പ്രതി പെൺകുട്ടിയെ ബം​ഗ്ലാവിലെത്തിച്ചത്. ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കടൽതീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽവച്ചും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി എട്ടു പേർക്കെതിരെയാണ് കേസെടുത്തത്. എല്ലാവരും അറസ്റ്റിലായി. കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പൊലീസ് അറിയിച്ചു

Top