16 women allegedly raped by police in chhattisgarh human rights panel send notice to govt

റാഞ്ചി: ഛത്തീസ്ഗഡില്‍ 16 സ്ത്രീകളെ പൊലീസുകാര്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.

പൊലീസിന്റെ ലൈംഗിക അതിക്രമത്തിന് ഇരകളായ മറ്റ് 20 സ്ത്രീകളുടെ മൊഴിയെടുക്കുമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു മാസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിക്രമത്തിന് ഇരകളായവര്‍ക്ക് 37 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാനും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബലാത്സംഗം ചെയ്യപ്പെട്ട എട്ടു പേര്‍ക്ക് മൂന്നു ലക്ഷം വീതവും ലൈംഗികാതിക്രമത്തിന് ഇരയായ ആറു പേര്‍ക്ക് രണ്ടു ലക്ഷം വീതവും ശാരീരികമായി അക്രമിക്കപ്പെട്ടവര്‍ക്ക് അമ്പതിനായിരം രൂപവീതവും നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2015-2016 കാലത്താണ് ലൈംഗികാതിക്രമം നടന്നത്. ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കാണ് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നത്. നാല്‍പതിലധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിനും ഇരയായി. മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന ഗ്രാമങ്ങളിലാണ് പൊലീസ് അതിക്രമം നടന്നത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടയില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ നടന്നതായും കമ്മീഷന് കണ്ടെത്താന്‍ സാധിച്ചിരുന്നു.

Top